‘വുമൺ’ ഒഴിവാക്കി; വനിതാ പൊലീസുകാർക്ക് ഇനി പ്രത്യേക സംബോധനയില്ല

വനിതാ പൊലീസുകാർ ഇനി ഔദ്യോഗിക സ്ഥാനപ്പേരിനൊപ്പം ‘വുമൺ’ എന്ന് ഉപയോഗിക്കില്ല. ലിംഗ നീതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഇത് സംബന്ധിച്ച ഉത്തരവ്
പുറപ്പെടുവിച്ചത്.
മുൻപ് വനിതാ പൊലീസുകാരെ വനിതാ പൊലീസ് കോൺസ്റ്റബിൾ, വനിതാ ഹെഡ്കോൺസ്റ്റബിൾ, വനിതാ എസ്ഐ, വനിതാ സിഐ, വനിതാ ഡിവൈഎസ്പി എന്നിങ്ങനെയാണ് അഭിസംബോധന ചെയ്തിരുന്നത്. ഇത് തുടർന്നുവന്നു. ഇതിനാണ് ഇനി മുതൽ മാറ്റം വരുക. പുരുഷ പൊലീസിനെ പോലെ സിവിൽ പൊലീസ് ഓഫീസർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ, സിവിൽ പൊലീസ് ഓഫീസർ എന്നും ബറ്റാലിയനിലെ വനിതകൾ പൊലീസ് കോൺസ്റ്റബിൾ, ഹവിൽദാർ എന്നുമായിരിക്കും ഇനി മുതൽ ഉപയോഗിക്കുക. ഡബ്ല്യുസിപിഒ, ഡബ്ല്യുഎസ്സിപിഒ എന്ന വാക്കും പൊലീസിൽ ഇല്ലാതാകും.
വനിതാ പൊലീസിൽ ഇപ്പോൾ രണ്ടു വിഭാഗമാണുള്ളത്. 1995ന് മുൻപ് സേനയിലെത്തിയവരും (ക്ലോസ്ഡ് വിങ്), അതിന് ശേഷമെത്തിയവരും. 1995 ന് ശേഷം സേനയുടെ ഭാഗമായ വനിതകൾക്കാകും പുതിയ നടപടി ബാധകമാകുക. പുതിയ നടപടിയെ വനിതാ പൊലീസ് ഉദ്യോഗസ്ഥർ സ്വാഗതം ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here