ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; കിവീസിന് 166 റൺസ് വിജയലക്ഷ്യം

ഇന്ത്യക്കെതിരായ നാലാം ടി-20യിൽ ന്യൂസിലൻഡിന് റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് എടുത്തത്. 50 റൺസെടുത്ത മനീഷ് പാണ്ഡെയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ലോകേഷ് രാഹുൽ 39 റൺസെടുത്തു. 3 വിക്കറ്റെടുത്ത ഇഷ് സോധിയാണ് ന്യൂസിലൻഡിനായി തിളങ്ങിയത്.
രോഹിത് ശർമ്മക്കു പകരം ഓപ്പണറായി ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസണ് തിളങ്ങാനായില്ല. ഒരു സിക്സറടിച്ച് നന്നായി തുടങ്ങിയ സഞ്ജു ആ ഓവറിൽ തന്നെ പുറത്തായി. 8 റൺസെടുത്ത സഞ്ജുവിനെ സ്കോട്ട് കുഗ്ഗൾജെയിൻ്റെ പന്തിൽ മിച്ചൽ സാൻ്റ്നർ പിടികൂടി. വിരാട് കോലി (11) ഹാമിഷ് ബെന്നറ്റിൻ്റെ പന്തിൽ മിച്ചൽ സാൻ്റ്നറുടെ ഉജ്ജ്വല ക്യാച്ചിൽ പുറത്തായി. ശ്രേയാസ് അയ്യരും (1), ശിവം ദുബേയും (12) ഇഷ് സോധിയുടെ ഇരകളായി. അയ്യരെ സീഫർട്ട് സ്റ്റമ്പ് ചെയ്തപ്പോൾ ദുബേ ടോം ബ്രൂസിനു പിടികൊടുത്ത് മടങ്ങി. വാഷിംഗ്ടൺ സുന്ദറിനെ ക്ലീൻ ബൗൾഡാക്കിയ സാൻ്റ്നർ ഇന്ത്യയെ ആറു വിക്കറ്റ് നഷ്ടത്തിൽ 88 എന്ന നിലയിലേക്ക് തള്ളി വിട്ടു.
ഏഴാം വിക്കറ്റിൽ മനീഷ് പാണ്ഡെ-ശർദ്ദുൽ താക്കൂർ സഖ്യം 43 റൺസ് കൂട്ടിച്ചേർത്തു. ഹാമിഷ് ബെന്നറ്റിൻ്റെ പന്തിൽ ടിം സൗത്തി പിടിച്ചാണ് താക്കൂർ (20) പുറത്തായത്. യുസ്‌വേന്ദ്ര ചഹാലിനെ (1) ടിം സൗത്തിയുടെ പന്തിൽ സീഫർട്ട് പിടികൂടി. 36 പന്തുകളിൽ മൂന്നു ബൗണ്ടറിയടക്കം 50 റൺസെടുത്ത പാണ്ഡെയും 9 റൺസെടുത്ത സെയ്നിയും പുറത്താവാതെ നിന്നു.
Story Highlights: India, New Zealand, T-20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here