കൊറോണ: തൃശൂരിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കും; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച തൃശൂരിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഉന്നതല യോഗ തീരുമാനം. രാത്രി വൈകിയും ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിൽ തൃശൂർ മെഡിക്കൽ കോളജിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
നിലവിൽ രോഗം സ്ഥിരീകരിച്ച പെൺകുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് മന്ത്രി വ്യക്തമാക്കി.
തൃശൂർ മെഡിക്കൽ കോളജിൽ ഏഴ് പേരും ജില്ലാ ആശുപത്രിയിൽ രണ്ട് പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ രോഗം സ്ഥിരീകരിച്ച പെൺകുട്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്. ആശങ്കപ്പെടാനില്ല. പെൺകുട്ടിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
ആശുപത്രികളിൽ പരിശീലനം നൽകുന്നതും ആവശ്യമുള്ള സുരക്ഷ ഉപകരണങ്ങൾ എത്തിക്കുന്നതും വേഗത്തിലാക്കും. ഇന്ന് രാവിലെ 11 മണിക്ക് സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി കളക്ടറേറ്റിൽ പ്രത്യേക യോഗം ചേരും. ആളുകളെ ബോധവത്ക്കരിക്കുന്നതിന് പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. എല്ലാ ദിവസവും ആറ് മണിക്ക് ആരോഗ്യ വകുപ്പ് അധികൃതർമാധ്യമങ്ങളെ കാണാനും യോഗത്തിൽ ധാരണയായി.
വ്യാജവാർത്തകൾ വന്നാൽ കർശന നടപടിയെടുക്കുമെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് 1053 പേർ സംസ്ഥാനത്താകെ നിരീക്ഷണത്തിലുണ്ട്. തൃശൂരിൽ മാത്രമല്ല സംസ്ഥാനത്താകെ ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here