ഷഹീൻബാഗിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് നേരെ വെടിവയ്പ്

ഡൽഹി ഷഹീൻബാഗിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് നേരെ വെടിവയ്പ്. സംഭവത്തിൽ ആർക്കും പരുക്കില്ല. വെടിവച്ച ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ശനിയാഴ്ച വൈകീട്ട് 4.53 ഓടെയാണ് വെടിവയ്പ് നടന്നത്. ആകാശത്തേക്കാണ് യുവാവ് വെടിയുതിർത്തത്. ഉടൻ തന്നെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജാമിഅ മില്ലിയ വിദ്യാർത്ഥികൾക്ക് നേരെ യുവാവ് വെടിയുതിർത്തതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് ഇത്തരത്തിലൊരു സംഭവം.
പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ 40 ദിവസങ്ങളായി ഷഹീൻബാഗിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കുത്തിയിരുപ്പ് സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, ഷഹീൻബാഗിൽ പ്രതിഷേധം നടത്തുന്നവരുമായി കൂടിക്കാഴ്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here