മഞ്ജുവും സുരാജും ഒരുമിക്കുന്നു എന്ന വാർത്ത തെറ്റ്; കാസ്റ്റിംഗ് പൂർത്തിയായിട്ടില്ലെന്ന് സംവിധായകൻ

മലയാളത്തിൻ്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും സുരാജ് വെഞ്ഞാറമൂടും ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിലൂടെ ഒരുമിക്കുന്നു എന്ന വാർത്ത തെറ്റെന്ന് സംവിധായകൻ എം ഹരികുമാർ. ചിത്രത്തിൻ്റെ കാസ്റ്റിംഗ് പൂർത്തിയായിട്ടില്ലെന്നും ചിത്രത്തിനായി താരങ്ങളെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുരാജ് ചിത്രത്തിലെ പ്രധാന റോളിൽ അഭിനയിക്കുമെങ്കിലും നായിക ആരെന്ന് തീരുമാനിച്ചിട്ടില്ല. മഞ്ജുവിനൊപ്പം പാർവതിയും സിനിമയിലുണ്ടാവുമെന്ന് ചില റിപ്പോർട്ടുകൾ ഉയർന്നിരുന്നു. ഇതിനെയും ഹരികുമാർ തള്ളി.
“ആ റിപ്പോർട്ടുകളെല്ലാം വ്യാജമാണ്. ചിത്രത്തിനായി താരങ്ങളെയൊന്നും സമീപിച്ചിട്ടില്ല. രാധിക എന്ന കഥാപാത്രം ആര് അവതരിപ്പിക്കണമെന്ന ആഗ്രഹം കൊണ്ട് ആളുകൾ പടച്ചു വിടുന്ന വാർത്തയാണ് ഇതൊക്കെ എന്നാണ് ഞാൻ കരുതുന്നത്. ഉടൻ തന്നെ കാസ്റ്റ് വിവരങ്ങൾ പുറത്തുവിടും.”- ഹരികുമാർ പറഞ്ഞു.
പ്രശസ്ത കഥാകൃത്ത് എം മുകുന്ദൻ്റെ ഓട്ടോകാരൻ്റെ ഭാര്യ എന്ന ചെറുകഥയാണ് സിനിമാ രൂപത്തിൽ ഒരുങ്ങുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ സജീവന്റേയും രാധികയുടേയും കഥയാണ് ഇത്. അലസനായ സജീവൻ്റെ ജീവിതത്തിലേക്ക് രാധിക എത്തുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങളാണ് ചെറുകഥയിൽ പറയുന്നത്. രാധിക ഈ ഓട്ടോ എടുത്ത് ഓടിക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്.
എം മുകുന്ദൻ തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. നേരത്തെ ക്ലിൻ്റ് എന്ന സിനിമ ഒരുക്കിയ ആളാണ് ഹരികുമാർ.
Story Highlights: Manju Warrier, Suraj Venjaramoodu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here