കളിയിക്കാവിള കൊലക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ

കളിയിക്കാവിള കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ഷെയ്ഖ് ദാവൂദ് ആണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിൽ നിന്നാണ് അറസ്റ്റുണ്ടായത്.
കൊലക്കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരുമായി അടുത്ത ബന്ധമുള്ളയാളാണ് ഇപ്പോൾ പിടിയിലായ ഷെയ്ഖ് ദാവൂദ്. നിരോധിത സംഘടന അൽ ഉമ്മയുടെ സജീവ പ്രവർത്തകനായ ഇയാൾക്ക് തമിഴ്‌നാട്ടിൽ നടന്ന ചില രാഷ്ട്രീയ കൊലപാതകങ്ങളുമായും ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. നേരത്തെ ഇയാളാണ് തങ്ങൾക്ക് കൊലപാതകം നടത്തുന്നതിനുള്ള സാമ്പത്തിക സഹായം നൽകിയതെന്ന് അബ്ദുൽ ഷമീമും തൗഫിഖും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
അബ്ദുൽ ഷമീമിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഷെയ്ക്ക് ദാവൂദ് കൊലപാതകത്തിന് മുമ്പ് ആവശ്യമായ പണം നിക്ഷേപിച്ചിരുന്നു. ഒപ്പം ഇയാൾക്ക് ഭീകര സംഘടനയായ ഐ എസ്സുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. ഇയാളുടെ സ്വദേശമായ രാമനാഥപുരത്ത് നടത്തിയ അന്വേഷണത്തിലും മുഖ്യ പ്രതികൾ നൽകിയ മൊഴിയിലും ഇത് സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. അതിനാൽ ഇയാൾക്കെതിരെയും ഉടൻ യുഎപിഎ ചുമത്തിയേക്കും.
നേരത്തെ കേസിലെ മുഖ്യ പ്രതികളായ അബ്ദുൾ ഷമീം, തൗഫീഖ് എന്നിവർക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. കളിയിക്കാവിള കൊലപാതക കേസിൽ തീവ്രവാദ ബന്ധം തെളിഞ്ഞതോടെ കേസ് അന്വേഷണം എൻഐഎക്ക് വിടാൻ തമിഴ്‌നാട് സർക്കാർ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തിട്ടുണ്ട്.
Story Highlights- Kaliyikkavila murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here