മെസ്സിക്കു ശേഷം റൊണാൾഡോയും ബ്ലാസ്റ്റേഴ്സിലേക്ക്; ഇനി ഇരുവരും ഒരുമിച്ച് കളിക്കും

മുന്നേറ്റ താരം റൊണാൾഡോ ഒലിവീര കേരള ബ്ലാസ്റ്റേഴ്സിലേക്ക്. ഈസ്റ്റ് ബംഗാളിൽ നിന്നാണ് 22കാരൻ സ്ട്രൈക്കർ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഗോവൻ സ്വദേശിയായ റൊണാൾഡോയെ ഈസ്റ്റ് ബംഗാൾ റിലീസ് ചെയ്തിരുന്നു. തുടർന്നാണ് ബ്ലാസ്റ്റേഴ്സ് താരത്തെ സമീപിച്ചത്. ഇതോടെ മെസ്സിയും റൊനാൾഡോയും ഒരു ക്ലബിൽ കളിക്കുന്ന അപൂർവ കാഴ്ചയാണ് ഫുട്ബോൾ പ്രേമികൾക്ക് ലഭിക്കുന്നത്.
അതേ സമയം, ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിയെ നേരിടാനൊരുങ്ങുകയാണ്. മത്സരത്തിൽ വിജയിക്കേണ്ടത് ബ്ലാസ്റ്റേഴ്സിന് അനിവാര്യമാണ്. എന്നാൽ സമീപകാലത്തെ ഫോം അനുസരിച്ച് ചെന്നൈയിനെ തോല്പിക്കുക അത്ര എളുപ്പമാവില്ല. കൊച്ചിയിൽ വെച്ചാണ് മത്സരം. 13 മത്സരങ്ങളിൽ നിന്ന് 18 പോയിൻ്റുള്ള ചെന്നൈയിൻ പട്ടികയിൽ ആറാമതും 14 മത്സരങ്ങളിൽ നിന്ന് 14 പോയിൻ്റുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ എട്ടാമതുമാണ്.
കഴിഞ്ഞ മൂന്നു മത്സരങ്ങളും തുടർച്ചയായി വിജയിച്ചാണ് ചെന്നൈയിൻ്റെ വരവ്. എന്നാൽ, ബ്ലാസ്റ്റേഴ്സാവട്ടെ, കഴിഞ്ഞ രണ്ട് മത്സരങ്ങളും പരാജയം രുചിച്ചു. നേരത്തെ, ചെന്നൈയിൽ നടന്ന മത്സരം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആതിഥേയർ ജയിച്ചിരുന്നു.
Story Highlights: Kerala Blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here