ഷെയ്‌ൻ നിഗം വിവാദം: നിർമാതാക്കൾ കടുംപിടുത്തം തുടർന്നാൽ താരങ്ങൾ സിനിമയിൽ അഭിനയിക്കില്ല; കടുത്ത നടപടിയുമായി താരസംഘടന

ഷെയ്ൻ നിഗം വിവാദം പുതിയ തലങ്ങളിലേക്ക്. വിഷയത്തിൽ നിർമാതാക്കൾ കടുംപിടുത്തം തുടർന്നാൽ താരങ്ങൾ സിനിമയിൽ അഭിനയിക്കില്ല എന്ന കടുത്ത നടപടി ഇപ്പോൾ താരസംഘടന എടുത്തിരിക്കുന്നു എന്നാണ് പുതിയ വിവരം. കഴിഞ്ഞ ദിവസം, നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകിയാൽ മാത്രമേ ഷെയ്ൻ നിഗമിൻ്റെ വിലക്ക് മാറ്റൂ എന്ന് നിർമാതാക്കളുടെ സംഘടന അറിയിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ താരസംഘടന രംഗത്തെത്തിയിരിക്കുന്നത്.

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടത്താതിരിക്കുകയും വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിർമാതാക്കളുടെ സംഘടന ഷെയ്‌ന് വിലക്കേർപ്പെടുത്തിയത്. ഫെഫ്കയും എഎംഎംഎയും അടക്കമുള്ള സംഘടനകൾ പ്രശ്‌നം ഒത്തുതീർപ്പാക്കാൻ ഇടപെട്ടു. ശേഷം, ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടത്തിയാൽ ഷെയ്ൻ വിഷയത്തിൽ ചർച്ച നടത്താമെന്നും വിലക്ക് നീക്കാമെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു. ഇതേത്തുടർന്ന് എഎംഎംഎയുടെ നിർദേശ പ്രകാരം ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയ്ൻ പൂർത്തിയായിക്കിയിരുന്നു.

ഇതിനു പിന്നാലെ താരസംഘടനയും നിർമാതാക്കളുടെ സംഘടനയും കഴിഞ്ഞ ദിവസം യോഗം ചേർന്നു. മുടങ്ങിയ സിനിമകൾക്ക് ഒരു കോടി രൂപയാണ് നിർമാതാക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഇത്രയും വലിയ തുക നൽകാൻ സാധിക്കില്ലെന്ന് താരസംഘടാ ഭാരവാഹികൾ പറയുന്നു. ഒരു കോടി രൂപ നൽകിയാൽ മാത്രമേ സിനിമ തുടങ്ങാൻ സാധിക്കൂ എന്നാണ് നിർമാതാക്കൾ വ്യക്തമാക്കിയത്. ഇത് ശരിയായ കീഴ്‌വഴക്കമല്ലെന്ന് എഎംഎംഎ ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു. എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേർന്ന ശേഷം തുടർ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

Story Highlights: Shane Nigam, AMMA, Producers Association

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top