‘പരാതിയില്ല, ഉണ്ടായത് ആശയക്കുഴപ്പം’: ടൊവിനോ സ്റ്റേജില്‍ വിളിച്ച് കൂവിപ്പിച്ച വിദ്യാര്‍ത്ഥി

നടന്‍ ടൊവിനോയ്‌ക്കെതിരെ പരാതിയില്ലെന്നും ഉണ്ടായത് ആശയക്കുഴപ്പം മാത്രമാണെന്നും ടൊവിനോ സ്റ്റേജില്‍ വിളിച്ച് കൂവിപ്പിച്ച വിദ്യാര്‍ത്ഥിയായ അഖില്‍. ടൊവിനോയെ തെറ്റുപറയാനാകില്ല. ഉണ്ടായത് ആശയക്കുഴപ്പം മാത്രമാണ്. സദസില്‍ കൂവിയത് സന്തോഷം കൊണ്ടാണെന്നും പ്രശ്‌നമെല്ലാം പറഞ്ഞു തീര്‍ത്തതായും വിദ്യാര്‍ത്ഥി ട്വന്റിഫോറിനോട് പറഞ്ഞു.
ടൊവിനോ വിദ്യാര്‍ത്ഥിയെ വേദിയില്‍ വിളിച്ച് കൂവിപ്പിച്ച് അപമാനിച്ചുവെന്ന പേരില്‍ വാര്‍ത്തകള്‍ വരുകയും സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പ്രതികരണങ്ങള്‍ വരികയും ചെയ്ത സാഹചര്യത്തിലാണ് അഖില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
ടൊവിനോയെ അനുകൂലിച്ചാണ് കൂവിയത്. എന്നാല്‍ അദ്ദേഹത്തിന് ആശയക്കുഴപ്പമുണ്ടായെന്ന് തോന്നുന്നു. അതിനാലാണ് സ്റ്റേജില്‍ വിളിച്ച് കൂവിച്ചത്. അദ്ദേഹം വന്നതിന്റെ സന്തോഷത്തില്‍ കൂവിയതാണ്. അതിനാല്‍ തന്നെ പരാതിയില്ലെന്നും അഖില്‍ പറഞ്ഞു. സംഭവത്തിനെതിരെ കെഎസ്‌യു പരാതിയുമായി മുന്നോട്ട് പോകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. നവമാധ്യമങ്ങളില്‍ വിദ്യാര്‍ത്ഥിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വന്നിരുന്നു.
മാനന്തവാടിയില്‍ നടന്ന പൊതുപരിപാടിക്കിടയിലാണ് വിദ്യാര്‍ത്ഥിയെ സ്റ്റേജില്‍ വിളിച്ചുവരുത്തി ടൊവിനോ നിര്‍ബന്ധിപ്പിച്ച് കൂവിപ്പിച്ചത്. കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന വിഷയത്തില്‍ നടന്ന പരിപാടിയിലാണ് കളക്ടര്‍ക്കും സബ് കളക്ടര്‍ക്കുമൊപ്പം ടൊവിനോ വേദി പങ്കിട്ടത്.
ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കെ സദസില്‍ നിന്ന് വിദ്യാര്‍ത്ഥി കൂവുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ടൊവിനോ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ച് വരുത്തുകയും മൈക്കിലൂടെ കൂവാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ആദ്യം വിദ്യാര്‍ത്ഥി കൂവാന്‍ വിസമ്മതിച്ചുവെങ്കിലും ടൊവിനോയുടെ നിര്‍ബന്ധത്തിന് വഴങ്ങി മൈക്കിലൂടെ കൂവുകയായിരുന്നു.
Story Highlights: actor Tovino, TOVINO THOMAS,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here