കളിയിക്കാവിള കൊലപാതകക്കേസ്; പിടിയിലായ ഷെയ്ക്ക് ദാവൂദ് ഐഎസ് റിക്രൂട്ടിംഗ് ഏജന്റെന്ന് സൂചന

കളിയിക്കാവിള കൊലപാതകക്കേസിൽ പിടിയിലായ ഷെയ്ക്ക് ദാവൂദ് ഐഎസ് റിക്രൂട്ടിംഗ് ഏജന്റെന്ന് സൂചന. ഷെയ്ക്ക് ദാവൂദിന്റെ ഐഎസ് ബന്ധം തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സ്ഥിരീകരിച്ചു. ഇയാൾ കേരളത്തിൽ പല തവണ സന്ദർശനം നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തി.
എഎസ്ഐ വിൽസണെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ഷെയ്ക്ക് ദാവൂദിനെ കഴിഞ്ഞ ദിവസം രാമനാഥപുരത്തു നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇയാളെ കേന്ദ്രീകരിച്ചുള്ള വിശദമായ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഷെയ്ക്ക് ദാവൂദ് ഐഎസ് റിക്രൂട്ടിങ് ഏജന്റാണെന്നു തെളിയിക്കുന്ന നിർണായക തെളിവുകൾ ക്യൂബ്രാഞ്ചിന് ലഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ഇയാൾ ഐഎസ് പ്രവർത്തനം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തു ഷെയ്ക്ക് ദാവൂദ് പലതവണ വന്നു പോയതായും അന്വേഷണ സംഘം കണ്ടെത്തി.
വിതുര, മണക്കാട്, നെയ്യാറ്റിൻകര തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തിരുവനന്തപുരത്തെ പ്രവർത്തനങ്ങൾ. കേസിൽ പ്രതിയായ വിതുര സ്വദേശി സെയ്ദലിയുടെ സഹായത്തോടെയാണ് തലസ്ഥാനത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഇയാളുടെ സുഹൃത്തുക്കളെന്ന് കരുതുന്ന ചില തിരുവനന്തപുരം സ്വദേശികൾ ക്യൂ ബ്രാഞ്ച് നിരീക്ഷണത്തിലാണ്. ഇവരുടെ കേരളത്തിലെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കേരള പൊലീസിന് കൈമാറിയിട്ടുണ്ട്. കളിയിക്കാവിള കൊലപാതകത്തിനായി പ്രതികൾക്ക് സാമ്പത്തിക സഹായം ചെയ്തത് ഷെയ്ക്ക് ദാവൂദാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
നേരത്തെ കേസിലെ മുഖ്യ പ്രതികളായ അബ്ദുൾ ഷമീം, തൗഫീഖ് എന്നിവർക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. കളിയിക്കാവിള കൊലപാതക കേസിൽ തീവ്രവാദ ബന്ധം തെളിഞ്ഞതോടെ കേസ് അന്വേഷണം എൻഐഎക്ക് വിടാൻ തമിഴ്‌നാട് സർക്കാർ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തിട്ടുണ്ട്.
Story Highlights: IS, Kaliyikkavila Murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here