Advertisement

രോഹിതിനു പകരം മായങ്ക് അഗർവാളും ശുഭ്മൻ ഗില്ലും ടീമിൽ

February 3, 2020
Google News 1 minute Read

പരുക്കേറ്റ രോഹിത് ശർമ്മക്കു പകരം യുവതാരങ്ങളായ മായങ്ക് അഗർവാളും ശുഭ്മൻ ഗില്ലും ടീമിലെത്തി. മായങ്ക് ഏകദിന ടീമിലും ഗിൽ ടെസ്റ്റ് ടീമിലുമാണ് കളിക്കുക. ഇന്ത്യക്കു വേണ്ടി ടെസ്റ്റ് മത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെക്കുന്നതാണ് മായങ്കിനു തുണയായത്. ന്യൂസിലൻഡ് എക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ ഇരട്ട സെഞ്ചുറി അടിച്ചതാണ് ഗില്ലിനെ ടീമിലെത്തിച്ചത്. ഇരുവരും ഇന്ത്യ എ പര്യടനത്തിൻ്റെ ഭാഗമായി ന്യൂസിലൻഡിൽ തന്നെ ഉണ്ട്.

ന്യൂസിലൻഡിനെതിരായ അവസാന ടി-20 മത്സരത്തിൽ പരുക്കേറ്റതോടെയാണ് ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മ പര്യടനത്തിലെ ടെസ്റ്റ്, ഏകദിന മത്സരങ്ങളിൽ നിന്നു പുറത്തായത്. മത്സരത്തിൽ 60 റൺസെടുത്തു നിൽക്കെ ആണ് രോഹിത് പരുക്കേറ്റ് പവലിയനിലേക്ക് മടങ്ങിയത്. രണ്ടാം ഇന്നിംഗ്സിൽ ഫീൽഡിലിറങ്ങാതിരുന്ന രോഹിതിൻ്റെ അഭാവത്തിൽ ലോകേഷ് രാഹുലാണ് പിന്നീട് ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. മത്സരത്തിനു ശേഷം നടന്ന പ്രസൻ്റേഷൻ സെറിമണിയിൽ വെച്ച് രോഹിതിൻ്റെ പരുക്ക് അല്പ ദിവസങ്ങൾക്കുള്ളിൽ ഭേദമാവുമെന്ന് ലോകേഷ് രാഹുൽ പറഞ്ഞിരുന്നു.

ഏകദിന ടീമിൽ പൃഥ്വി ഷായ്ക്കൊപ്പം മായങ്ക് അഗർവാൾ ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത. ഒപ്പം, പൃഥ്വി ഷാ-ലോകേഷ് രാഹുൽ ഓപ്പണിംഗ് ജോഡിയ്ക്കും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ പകരം ഋഷഭ് പന്തോ മനീഷ് പാണ്ഡെയോ കളിക്കും.

ഈ മാസം അഞ്ച് മുതലാണ് ഏകദിന പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരക്ക് ശേഷം ഫെബ്രുവരി 21ന് ടെസ്റ്റ് പരമ്പരയും ആരംഭിക്കും. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്.

Story Highlights: Shubhman Gill, Mayank Agarwal, Rohit Sharma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here