Advertisement

ആക്കുളം കായല്‍ നവീകരണത്തിന് 64.13 കോടി രൂപ അനുവദിച്ചു

February 4, 2020
Google News 1 minute Read

മാലിന്യ നിക്ഷേപവും കുളവാഴകളും നിറഞ്ഞ് മലിനമായ ആക്കുളം കായല്‍ മനോഹരമാകുന്നു. ആക്കുളം കായലിന്റെയും കണ്ണമ്മൂല മുതലുള്ള കൈത്തോടുകളുടെയും സമ്പൂര്‍ണ നവീകരണം ലക്ഷ്യമിട്ട് ബാര്‍ട്ടണ്‍ ഹില്‍ എന്‍ജിനിയറിംഗ് കോളജിന്റെ സഹായത്തോടെ കഴിഞ്ഞ ഒന്നര വര്‍ഷത്തെ വിശദമായ പഠനങ്ങളുടെയും പരീക്ഷണങ്ങളുടെയും ഫലമായാണ് സംസ്ഥാന ടൂറിസം വകുപ്പ് ഇതിനുള്ള സമഗ്ര പദ്ധതി രൂപീകരിച്ചത്. പദ്ധതിക്ക് 64.13 കോടി രൂപയുടെ അനുമതി കിഫ്ബിയില്‍ നിന്നും ലഭിച്ച് കഴിഞ്ഞു.

പരിസ്ഥിതി സൗഹാര്‍ദ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ആക്കുളം കായലിന്റെ പുനരുജ്ജീവനം ലക്ഷ്യമിടുന്ന പദ്ധതിയുടെ രൂപരേഖ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ എന്‍ജിനിയറിംഗ് കോളജിലെ ട്രാന്‍സിഷണല്‍ റിസര്‍ച്ച് ആന്‍ഡ് പ്രൊഫഷണല്‍ ലീഡര്‍ഷിപ് സെന്ററാണ് തയാറാക്കിയത്.

കായലിലെ മാലിന്യങ്ങളും പായലും നീക്കി വൃത്തിയാക്കി തെളിഞ്ഞ ജലമാക്കി മാറ്റുന്നതിന് മുന്‍ഗണന നല്‍കുന്നതാണ് പദ്ധതി. ആക്കുളം കായലില്‍ നിലവില്‍ മണ്ണ് ഉയര്‍ന്ന് കിടക്കുന്ന ഭാഗം ഹരിതാഭമായ ചെറുദ്വീപാക്കി മാറ്റി അതിനുള്ളില്‍ സ്വാഭാവികമായ ജലശുചീകരണ മാര്‍ഗങ്ങള്‍ ഒരുക്കും.

കായലിലെ കുളവാഴയും മാലിന്യങ്ങളും നീക്കം ചെയ്യല്‍, ആക്കുളം പാലത്തിന് കീഴിലുള്ള ബണ്ട് മാറ്റല്‍ എന്നിവയാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അടിയന്തിര പ്രാധാന്യത്തോടെ ചെയ്യുന്നത്. ഇതിനൊപ്പം തന്നെ കായലിലെ ബോട്ടിംഗ് ചാനലിന്റെ ആഴം വര്‍ധിപ്പിക്കുന്ന പ്രവൃത്തിയും നടത്തും. ആക്കുളം കായലിനു പുറമേ കായലിലേക്ക് വന്നുചേരുന്ന ഉള്ളൂര്‍ തോട്, പട്ടം തോട്, പഴവങ്ങാടി തോട്, മെഡിക്കല്‍ കോളജ് തോട് എന്നിവയുടെ നിശ്ചിതദൂരത്തിന്റെ നവീകരണം കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ തോടുകളുടെ ബാക്കിയുള്ള ഭാഗങ്ങള്‍ ട്രിവാന്‍ഡ്രം സ്മാര്‍ട്ട്‌സിറ്റി പ്രോജക്ടില്‍ ഉള്‍പ്പെടുത്തി നവീകരിക്കും. ബോട്ടിംഗ് പുനരാരംഭിക്കുകയും സാഹസിക വാട്ടര്‍ സ്‌പോര്‍ട്‌സ് ഇനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയും കൂടുതല്‍ സഞ്ചാരികളെയും നഗരവാസികളെയും ആക്കുളം കായലിലേക്ക് ആകര്‍ഷിക്കുവാന്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ സാധിക്കും. സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി നടപ്പിലാക്കാനുള്ള പ്രത്യേക ഉദ്യേശ കമ്പനി (Special Purpose Vehicle) ആയി തെരഞ്ഞെടുത്തിരിക്കുന്നത് കേന്ദ്ര പൊതുമേഖലാസ്ഥാപനമായ വാപ്‌കോസിനെയാണ്.

Story Highlights: aakkulam lake, kiifb

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here