ഷുഹൈബ് കൊലക്കേസ്; കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഷുഹൈബിന്റെ മാതാപിതാക്കൾ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കുന്നത്.
സംസ്ഥാന സർക്കാരിനും ഡിജിപിക്കും സിബിഐ ഡയറക്ടർക്കും നോട്ടീസ് അയക്കാൻ കഴിഞ്ഞ തവണ കോടതി ഉത്തരവിട്ടിരുന്നു. ഇവരുടെ നിലപാട് അറിഞ്ഞ ശേഷം, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ എന്നിവരുമായുള്ള അടുത്ത ബന്ധം കേരള പൊലീസ് അന്വേഷിച്ചില്ലെന്ന് ഹർജിയിൽ ഷുഹൈബിന്റെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.
2018 ഫെബ്രുവരി 13നായിരുന്നു യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായ ഷുഹൈബ് കൊല്ലപ്പെടുന്നത്. എടയന്നൂർ തെരൂരിൽവച്ച് അക്രമികൾ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here