Advertisement

കൊറോണ വൈറസിനെ തുരത്താന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത് നൂറോളം ആരോഗ്യ വിദഗ്ധര്‍

February 5, 2020
Google News 1 minute Read

സംസ്ഥാനത്ത് നോവല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാനും പരിഹരിക്കാനുമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂം ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ചൈനയിലെ വുഹാനില്‍ നോവല്‍ കൊറോണ പടര്‍ന്നു പിടിച്ച പശ്ചാത്തലത്തില്‍ ജനുവരി 24 നാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന കണ്‍ട്രോള്‍ റൂമും ജില്ലാ കണ്‍ട്രോള്‍ റൂമുകളും ആരംഭിച്ചത്.

കൊറോണ പോസിറ്റീവ് കേസുകള്‍ വന്ന സാഹചര്യത്തിലും നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലുമാണ് കോള്‍ സെന്റര്‍ ശക്തിപ്പെടുത്തിയതെന്ന് മന്ത്രി വ്യക്തമാക്കി. രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നവരുടെ വിവരം മുതല്‍, വൈദ്യ സഹായം, വീടുകളിലെ നിരീക്ഷണം, മരുന്നുകളുടേയും പ്രതിരോധ ഉപകരണങ്ങളുടേയും ലഭ്യത, രോഗ നിരീക്ഷണം, ബോധവത്കരണം, പരിശോധനകള്‍ തുടങ്ങി കൊറോണ വൈറസ് സംബന്ധമായ എല്ലാ കാര്യങ്ങളുടേയും ഏകോപനമാണ് സംസ്ഥാന കണ്‍ട്രോള്‍ റൂമില്‍ നടക്കുന്നത്.

വിവിധ പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി ഏകോപിപ്പിക്കുവാന്‍ വേണ്ടി 18 കമ്മിറ്റികളായി തരം തിരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. ഓരോ വിഭാഗവും ഒരു നോഡല്‍ ഓഫീസറുടെയും റിപ്പോര്‍ട്ടിംഗ് ഓഫീസറുടെയും മറ്റ് സഹായികളുടേയും മേല്‍ നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള നൂറോളം ആരോഗ്യ വിദഗ്ധരാണ് സംസ്ഥാന കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിശ്രമമില്ലാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്. ഈ കണ്‍ട്രോള്‍ റൂമിന്റെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം കൂടിയാണ് കൊറോണയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സഹായിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കൊറോണ വൈറസ് നിരീക്ഷണത്തിനായുള്ള സര്‍വയലന്‍സ് ടീം, കോള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാനുമുള്ള കോള്‍ സെന്റര്‍ മാനേജ്‌മെന്റ് ടീം, മതിയായ ജീവനക്കാരെ ഉറപ്പ് വരുത്തുന്നതിനുള്ള എച്ച്ആര്‍ മാനേജ്‌മെന്റ്, പരിശീലനങ്ങള്‍ സുഗമമാക്കാനായി ട്രെയിനിംഗ് ആന്‍ഡ് അവയര്‍നസ് ജെനറേഷന്‍, മതിയായ സുരക്ഷ ഉപകരണങ്ങളും മരുന്നുകളും ഉറപ്പാക്കാനായി മെറ്റീരിയല്‍ മാനേജ്‌മെന്റ് ടീം, എല്ലായിടത്തും ആവശ്യത്തിന് ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ സജ്ജമാക്കാന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, സാമ്പിളുകള്‍ എടുക്കുന്നത് മുതല്‍ ഫലം വരുന്നതുവരെയുള്ള കാര്യങ്ങള്‍ക്കായി സാമ്പിള്‍ ട്രാക്കിംഗ് ടീം, വാര്‍ത്തകള്‍ നിരീക്ഷിച്ച് നടപടിയെടുക്കാനും വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായുള്ള മീഡിയ സര്‍വയലന്‍സ് ടീം, കൊറോണ അവബോധത്തിനുള്ള കാര്യങ്ങള്‍ തയാറാക്കുന്നതിനുള്ള ഐഇസി, ബിസിസി മീഡിയ മാനേജ്‌മെന്റ് ടീം, രേഖകള്‍ ശേഖരിക്കുന്നതിനും വിവരങ്ങള്‍ യഥാസമയം കൈമാറുന്നതിനുമുള്ള ഡോക്യുമെന്റേഷന്‍ ടീം, സ്വകാര്യ ആശുപത്രികളുടെ ഏകോപനത്തിന് പ്രൈവറ്റ് ഹോസ്പിറ്റല്‍ സര്‍വയലന്‍സ് ടീം, പഠനത്തിനായും മറ്റും സംസ്ഥാനത്തിന് പുറത്തും വിദേശത്തു നിന്നും എത്തുന്നവരെ ഏകോപിപ്പിക്കാന്‍ എക്‌സ്‌പേര്‍ട്ട് സ്റ്റഡി കോഓര്‍ഡിനേഷന്‍ ടീം, രോഗികളെ രോഗവ്യാപനമില്ലാതെ ആശുപത്രികളിലും വീടുകളിലുമെത്തിക്കാനുമായി ട്രാന്‍സ്‌പോട്ടേഷന്‍ ആന്‍ഡ് ആംബുലന്‍സ് മാനേജ്‌മെന്റ് ടീം, മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളുമായുള്ള ഏകോപനത്തിന് ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ ആന്‍ഡ് കോഓര്‍ഡിനേഷന്‍ ടീം, ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ അത് നിറവേറ്റാനായി കമ്യൂണിറ്റി ലെവല്‍ വോളന്റിയര്‍ കോ ഓര്‍ഡിനേഷന്‍ ടീം, നിരീക്ഷണത്തിലുള്ളവരുടെ മാനസികാരോഗ്യം ഉറപ്പ് വരുത്താനുള്ള സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീം, പല സ്ഥലങ്ങളില്‍ നിന്നുള്ള ഡേറ്റകള്‍ സ്വരൂപിക്കാനായുള്ള ഡേറ്റ കമ്പലേഷന്‍, സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള ബജറ്റ് ആന്‍ഡ് ഫിനാന്‍സിംഗ് എന്നിങ്ങനെ 18 കമ്മിറ്റികളാണ് കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിക്കുന്നത്.

ഈ കണ്‍ട്രോള്‍ റൂമില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുമുണ്ട്. 0471 2309250, 2309251, 2309252 എന്നിവയാണ് കോള്‍ സെന്ററിന്റെ നമ്പരുകള്‍. ഇതുവരെ 9,000 ത്തോളം കോളുകളാണ് കോള്‍ സെന്ററില്‍ വന്നത്. കോള്‍സെന്ററില്‍ വരുന്ന കോളുകള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, കെഎംഎസ്‌സിഎല്‍ എംഡി എന്നിവരുടെ നേതൃത്വത്തിലാണ് യോഗത്തിന്റെ അവലോകനം നടത്തുന്നത്.

Story Highlights: coronavirus, Corona virus infection, k k shailaja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here