ഉള്‍ക്കാഴ്ചയുടെ കരുത്തില്‍ ഹഫ്‌സ; പഠനവഴിയില്‍ വെളിച്ചമേകാന്‍ പൊലീസ്

ഇരുളടഞ്ഞ ലോകത്ത് ഒതുങ്ങിക്കഴിയാന്‍ തയാറാകാതെ ജീവിതത്തോട് പോരാടുന്ന ഹഫ്‌സയ്ക്ക് പഠനത്തിനുള്ള സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് കാളികാവ് പൊലീസ്. അംഗപരിമിതി ഒരു പോരായ്മയല്ലെന്നും തിരിച്ചറിവിനുള്ള ഒരു അടയാളം മാത്രമാണെന്നും ഇരു കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത ഹഫ്‌സ പറയുന്നു. കാഴ്ച ശക്തിയില്ലാത്ത ഹഫ്‌സ തെളിവായി ചൂണ്ടിക്കാണിക്കുന്നത് സ്വന്തം ജീവിതംതന്നെ.
കാളികാവ് പൊലീസ് സ്റ്റേഷനില്‍ നടന്ന മുതിര്‍ന്ന പൗരന്മാരുടെ സംഗമത്തിലെ മുഖ്യ അതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു കരുവാരക്കുണ്ട് കേലംപറ്റയിലെ കളത്തില്‍ അബ്ദുല്‍ റഷീദ്- സുബൈദ ദമ്പതിമാരുടെ മകള്‍ ഹഫ്‌സ. ഉള്‍ക്കാഴ്ചയുടെ കരുത്തിലാണ് ഹഫ്‌സ എല്ലാം കാണുന്നതെന്ന് ബോധ്യമായതോടെ കരഘോഷങ്ങളോടെ സദസ് വരവേറ്റു. കുറേനാളത്തെ ആഗ്രഹമാണ് പോലീസ് സ്റ്റേഷന്‍ കാണുകയെന്നുള്ള വാക്കുകള്‍ കേട്ട് പലരും ഞെട്ടി. കണ്ണ് കാണാന്‍ കഴിയുന്ന ആളാണോ എന്നുവരെ സംശയിച്ചു.
കോഴിക്കോട് അന്ധവിദ്യാലയത്തില്‍ ഹയര്‍ സെക്കന്‍ഡറി വരെ പഠിച്ച ഹഫ്‌സ തൃശൂര്‍ കേരളവര്‍മ കോളജില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടി. ബിരുദാനന്തര ബിരുദം നേടി അധ്യാപന ജോലിയില്‍ പ്രവേശിക്കാനുള്ള തയറെടുപ്പിലാണിപ്പോള്‍. തുടര്‍ പഠനത്തിനുള്ള സഹായം പൊലീസ് വാഗ്ദാനം ചെയ്തു.
കാളികാവ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് പി ജ്യോതീന്ദ്രകുമാര്‍, എസ്‌ഐ പി അബ്ദുല്‍കരീം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രദീപ്, ശ്രീവിദ്യ, ബാലഗോപാലന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീജ, സ്വരാജ് എന്നിവര്‍ ചേര്‍ന്ന് ഹഫ്‌സയെ സ്വീകരിച്ചു. യാത്രയും പൊലീസ് വാഹനത്തില്‍ തന്നെയാണ് ഒരുക്കിയത്.
Story Highlights: kerala police,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here