പ്രവാസി നിയമ സെല്‍ ഇടപെട്ടു; ഒമാനില്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന തിരുവനന്തപുരം സ്വദേശിയെ മോചിപ്പിച്ചു

പ്രവാസി മലയാളികളുടെ നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന പ്രവാസി നിയമ സഹായ പദ്ധതിവഴി (PLAC) തിരുവനന്തപുരം സ്വദേശിയെ മോചിതനാക്കി. നിയമസഹായം ലഭിച്ച് ഒമാനില്‍ നിന്നും മോചിതനായ തിരുവനന്തപുരം സ്വദേശി ബിജു സുന്ദരേശന്‍ നാട്ടിലെത്തി. നോര്‍ക്കയുടെ പദ്ധതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ബിജുവിന് മോചനം ലഭിച്ച് നാട്ടിലെത്താന്‍ ഇടയായത്.
ഒമാനില്‍ ജോലി ചെയ്തിരുന്ന ബിജു സുന്ദരേശന്‍ ഇസ്‌കി പൊലീസിന്റെ കസ്റ്റഡിയില്‍ ആയിരുന്നു. ലേബര്‍ കേസുകളാണ് ബിജുവിനെ പൊലീസ് കസ്റ്റഡിയില്‍ എത്തിച്ചത്. സൗജന്യ നിയമസഹായ പദ്ധതിയുടെ ഭാഗമായി നോര്‍ക്കയുടെയും നോര്‍ക്കയുടെ ഒമാനിലെ ലീഗല്‍ കണ്‍സള്‍ട്ടന്റിന്റെയും നിരന്തരമായ ഇടപെടലുകളിലൂടെ കേസുകള്‍ പിന്‍വലിപ്പിക്കപ്പെട്ടു. ലേബര്‍ ഫൈന്‍, ക്രിമിനല്‍ നടപടികള്‍ എന്നിവയില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു.
പ്രവാസി നിയമസഹായ സെല്‍ പദ്ധതിയിന്‍ കീഴില്‍ കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍, യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലാണ് നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ (NLC) നിയമിച്ചിട്ടുള്ളത്. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും, ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികള്‍ക്ക് നിയമ സഹായം നല്‍കുന്നതാണ് ഈ പദ്ധതി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് പദ്ധതി ആരംഭിച്ചത്.
പ്രവാസി നിയമ സഹായത്തിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്‌സ്, മൂന്നാം നില, നോര്‍ക്ക സെന്റര്‍, തൈക്കാട്, തിരുവനന്തപുരം695014 എന്ന വിലാസത്തിലോ, ceo@norkaroots.net, ceonorkaroots@gmail.com എന്ന ഇമെയിലിലോ സമര്‍പ്പിക്കണം. അപേക്ഷാഫോറം നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org യില്‍ ലഭിക്കും. വിശദവിവരങ്ങള്‍ ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍നിന്നും), 00918802012345 (വിദേശത്തുനിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.
Story Highlights: NORKA Roots, pinarayi vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here