ജനവിധിയെഴുതാൻ ഡൽഹി തയാർ; വോട്ടെടുപ്പ് നാളെ രാവിലെ ഏഴുമണി മുതൽ ആരംഭിക്കും

രാജ്യ തലസ്ഥാനം നിയമസഭ തെരഞ്ഞെടുപ്പിന്റെ വിധിയെഴുതാൻ നാളെ ബൂത്തിലേക്ക്. 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുക. രാവിലെ എട്ട് മണി മുതൽ വോട്ടെടുപ്പ് ആരംഭിക്കും. ആം ആദ്മി പാർട്ടിയും – ബിജെപിയും തമ്മിലുള്ള വാശിയേറിയ പോരാട്ടമാണ് ഡൽഹിയിൽ നടക്കുന്നത്.
ക്ഷേത്ര സന്ദർശനം നടത്തിയും കുടുംബയോഗങ്ങളിൽ പങ്കെടുത്തുമാണ് വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ ആം ആദ്മി പാർട്ടിയും, കോൺഗ്രസും ബിജെപിയും വോട്ട് ഉറപ്പിച്ചത്. 1,46,92,136 വോട്ടർമാരാണ് ഡൽഹിയിൽ ഉള്ളത്. ഇതിൽ 81 ലക്ഷത്തോളം പുരുഷ വോട്ടർമാരും 66 ലക്ഷം സ്ത്രീ വോട്ടർമാരുമാണുള്ളത്.
ആകെ 13,750 പോളിംഗ് ബൂത്തുകൾ. അതിൽ 545 വോട്ടിംഗ് കേന്ദ്രങ്ങളെയാണ് പ്രശ്‌നബാധിത കേന്ദ്രങ്ങളായി കണ്ടെത്തിയിട്ടുള്ളത്. അഞ്ച് പോളിംഗ് സ്റ്റേഷനുകളിലായി 40 ബൂത്തുകളുള്ള ഷഹീൻ ബാഗിൽ എല്ലാം പ്രശ്‌ന ബാധിതമാണ്. പ്രതിഷേധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് എല്ലാ പോളിംഗ് സ്റ്റേഷനുകളെയും പ്രശ്‌നബാധിത സ്റ്റേഷനുകളായി കണ്ടെത്തിയത്. പൊലീസിന് പുറമെ അർധ സൈനികരേയും ഇതിനോടകം ഷഹീൻ ബാഗിൽ വിന്യസിച്ചിട്ടുണ്ട്. പൂർണ സമയവും പൊലീസിന്റെ സാന്നിധ്യം പോളിംഗ് ബൂത്തിനു സമീപം ഉണ്ടാകും. 40,000 പൊലീസ് സേനാംഗങ്ങളെയാണ് ഡൽഹിയിൽ ആകെ വിന്യസിച്ചിരിക്കുന്നത്. കൂടാതെ 190 കമ്പനി കേന്ദ്രസേനയേയും സുരക്ഷ ഉറപ്പാക്കാൻ നിയോഗിച്ചിട്ടുണ്ട്. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here