എഎപി പറഞ്ഞത് സ്ത്രീകള്‍ക്ക് മാസം 2100 രൂപ നല്‍കുമെന്ന്, 2500 രൂപ വീതം നല്‍കുമെന്ന് കോണ്‍ഗ്രസ്; ഡല്‍ഹിയില്‍ വന്‍ വാഗ്ദാനങ്ങളുമായി പാര്‍ട്ടികള്‍

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പേ ഡല്‍ഹിയില്‍ വന്‍ വാഗ്ദാനവുമായി കോണ്‍ഗ്രസ്. അധികാരത്തില്‍ എത്തിയില്‍ പ്യാരീ ദീദി യോജന പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ നല്‍കുമെന്നാണ് ഉറപ്പ്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ് ഡിപിസിസിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പദ്ധതി പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്ക് മാസം 2100 രൂപ വീതം നല്‍കുമെന്ന എഎപിയുടെ വാഗ്ദാനത്തെ കടത്തി വെട്ടിയാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. (Congress launches Pyari Didi Yojana)
കോണ്‍ഗ്രസ് സര്‍ക്കാര്‍ ഡല്‍ഹിയില്‍ അധികാരത്തില്‍ വരുമെന്നും ആദ്യ മന്ത്രിസഭാ യോഗം പദ്ധതി നടപ്പിലാക്കും എന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. സ്ത്രീകളുടെ ശാക്തീകരണത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനുമായി കര്‍ണാടകയില്‍ സമാനമായ പദ്ധതി ആവിഷ്‌കരിച്ചതായി ഡി കെ ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമാണ് പ്യാരീ ദീദി യോജന പദ്ധതി.
ബിജെപിയെ പോലെ തെറ്റായ വാഗ്ദാനം നല്‍കുന്നവരല്ല കോണ്‍ഗ്രസെന്നും തങ്ങള്‍ പറഞ്ഞാല്‍ പറഞ്ഞത് ചെയ്യുന്നവരാണെന്നും ഡല്‍ഹിയിലെ എഐസിസി ഇന്‍ ചാര്‍ജ് ഖ്വാസി നിസാമുദ്ദീന്‍ പറഞ്ഞു. ഓരോരുത്തരുടേയും അക്കൗണ്ടിലേക്ക് 15 ലക്ഷം എത്തിക്കുമെന്ന് കള്ളംപറഞ്ഞവരാണ് ബിജെപിക്കാര്‍. രാജ്യത്തെ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് മുഴുവന്‍ തൊഴില്‍ നല്‍കുമെന്നും ബിജെപി പറഞ്ഞിരുന്നു. ഇതൊന്നും നടന്നില്ല. ഇങ്ങനെ ജനങ്ങളോട് കള്ളം പറയാന്‍ കോണ്‍ഗ്രസിന് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : Congress launches Pyari Didi Yojana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here