Advertisement

ബജറ്റ് കവറിൽ ഗാന്ധിജി വെടിയേറ്റു വീഴുന്ന ചിത്രം; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ

February 7, 2020
Google News 1 minute Read

സംസ്ഥാന ബജറ്റ് അവതരണം അവസാനിച്ചത് അല്പ സമയം മുൻപാണ്. പൗരത്വ നിയമഭേദഗതിയെ പരാമർശിച്ചും കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചുമാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റ് അവതരണത്തിനു ശേഷം ബജറ്റിൻ്റെ പുറംചട്ടയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. മഹാത്മാഗാന്ധി നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് വീഴുന്ന ചിത്രമാണ് പുറംചട്ടയിൽ ഉള്ളത്. ചിത്രകാരനായ ടോം വട്ടക്കുഴിയാണ് ഈ സൃഷ്ടിക്കു പിന്നിൽ.

1948നായിരുന്നു ഗാന്ധിജി കൊല്ലപ്പെട്ടത്. ജനുവരി 30 വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്‌സേ അദ്ദേഹത്തിനു നേർക്ക് വെടി ഉതിർക്കുകയായിരുന്നു. 31ന് അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം രാജ്ഘട്ടിൽ സംസ്കരിച്ചു. പിന്നീട് ഗോഡ്സെയെയും കൂട്ടു കുറ്റവാളികളെയും തൂക്കിലേറ്റിയിരുന്നു.

ടൂറിസം മേഖലയുടെ പ്രോത്സാഹനത്തിന് 320 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ പറഞ്ഞു. 2019 ല്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 18.5 ശതമാനത്തിന്റെയും വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 8.24 ശതമാനത്തിന്റെയും വളര്‍ച്ച നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ ടൂറിസം മാര്‍ക്കറ്റിംഗില്‍ പ്രധാനപ്പെട്ട ഇനമായി ബോട്ട് ലീഗ് നടത്തും. ലീഗില്‍പ്പെടാത്ത ജലമേളകള്‍ക്ക് കൂടി ധനസഹായം ലഭ്യമാക്കും.

ഈ വര്‍ഷം നവംബര്‍ മുതല്‍ സംസ്ഥാനത്ത് സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകളുടെ വില്‍പന നിരോധിക്കുമെന്നും മന്ത്രി പറഞ്ഞു. തെരുവു വിളക്കുകള്‍ പൂര്‍ണമായും എല്‍ഇഡിയിലേക്ക് മാറും. ഊര്‍ജ മിതവ്യയത്തിന് വേണ്ടി ‘സീറോ ഫിലമെന്റ് പീലിക്കോട്’ പോലുള്ള പദ്ധതികള്‍ക്ക് സഹായം നല്‍കും.

25 രൂപക്ക് ഊണ് ലഭിക്കുന്ന 1000 ഭക്ഷണശാലകൾ സംസ്ഥാനത്ത് തുറക്കുമെന്നും 12,000 പൊതു ശൗചാലയങ്ങൾ കൂടി ആരംഭിക്കുമെന്നും ബജറ്റിൽ തോമസ് ഐസക്ക് പറഞ്ഞു.

Story Highlights: State Budget Cover, Mahatma Gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here