പതിനഞ്ചാം പിറന്നാളിന് പുതുമോടിയിൽ ഗൂഗിൾ മാപ്പ്

ഗൂഗിൾ മാപ്പ് ഇനി പുതുരൂപത്തിൽ. പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് ഗൂഗിൾ മാപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകൾ പുതിയ രൂപകൽപ്പനയിൽ അവതരിച്ചിരിക്കുന്നത്. ഇനി മുതൽ പുതിയ ഐക്കൺ ആയിരിക്കും ഗൂഗിൾ മാപ്പിന് വഴികാട്ടുക. ഗൂഗിൾ മാപ്പ് നിലവിൽ വന്ന 2005 മുതൽ മാപ്പിൽ സ്ഥലങ്ങൾ അടയാളപ്പെടുത്തിയിരുന്ന ‘പിൻ’ എന്ന അടയാള ചിഹ്നമായിരിക്കും ഇനി മുതൽ ഐക്കൺ. ഇതു കൂടാതെ ആപ്പ് വിൻഡോയ്ക്ക് താഴെയായി അഞ്ചു പുതിയ ടാബുകളും ചേർത്തിട്ടുണ്ട്.

ഇതിനു പുറമേ, എക്സ്പ്ലോർ, കമ്യൂട്ട്, സേവ്ഡ്, കോൺട്രിബ്യൂട്ട് എന്നിങ്ങനെ അഞ്ച് ഈസി ആക്സസ് ടാബുകളും പുതിയതായി ഗൂഗിൾ മാപ്പ് ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ,ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം നിലവിൽ പുതിയ ഐക്കൺ മാത്രമാണ് പുറത്തു വന്നിട്ടുള്ളത്. പുതിയ ടാബുകളുടെ പ്രയോജനം പിന്നാലയെ ലഭിക്കൂ.

ഓരോ ടാബിനും പ്രത്യേക ഉദ്ദേശങ്ങളുണ്ട്. മാപ്പ് ഉപയോഗിക്കുന്ന വ്യക്തി നിൽക്കുന്ന സ്ഥലത്തിന്റെ സമീപ പ്രദേശങ്ങളിലുള്ള ആകർഷണീയമായ ഇടങ്ങൾ, റസ്റ്റോറന്റുകൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവ ചൂണ്ടിക്കാണിക്കുന്നതാണ് എക്സ്പ്ലോർ. ഇവയെക്കുറിച്ചുള്ള മറ്റുള്ള ആളുകളുടെ അഭിപ്രായങ്ങളും എക്സ്പ്ലോർ ടാബിൽ നിന്നും ലഭിക്കും.

കമ്യൂട്ട് ടാബിന്റെ ലക്ഷ്യം മാപ്പ് ഉപയോഗിക്കുന്നവരുടെ ദൈനംദിന യാത്രകളിൽ വഴി കാണിക്കുകയെന്നതാണ്. ഇതിലൂടെ നിങ്ങൾക്ക്, നിങ്ങളുടെ ദിനേനയുള്ള യാത്രയിലെ ഗതാഗത സൗകര്യങ്ങൾ അറിയാനും യാത്ര മാർഗങ്ങൾ തിരഞ്ഞെടുക്കാനും സഹായം കിട്ടും.

ഇഷ്ടപ്പെടുന്ന സ്ഥലങ്ങൾ ഓർത്തുവയ്ക്കാനാണ് സേവ്ഡ് ടാബ് നിങ്ങളെ സഹായിക്കുക. അതായത്, പിന്നീട് എപ്പോഴെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന ഒരു സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ സേവ്ഡ് ടാബിൽ സൂക്ഷിക്കാം.

നിങ്ങൾ ഒരിക്കൽ സന്ദർശിച്ച സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മറ്റുള്ളവർക്കായി പങ്കുവയ്ക്കാനായാണ് കോൺട്രിബ്യൂട്ട് ടാബ്. റസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നീ അത്യവശ്യ സൗകര്യങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദേശങ്ങളും ചിത്രങ്ങളും കോൺട്രിബ്യൂട്ട് ടാബിൽ പങ്കുവയ്ക്കാം. ഈ വിവരങ്ങൾ എക്സ്പ്ലോർ ടാബ് വഴി മറ്റുള്ളവർക്ക് ലഭിക്കും. ഇനിയുള്ള അപ്ഡേറ്റ്സ് ടാബ് ആകട്ടെ, ഓരോ പ്രദേശത്തും നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് തരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top