കെ എം മാണി സ്മാരകത്തിന് അഞ്ച് കോടി ; സംസ്ഥാന സര്‍ക്കാരിനെ പരസ്യമായി അഭിനന്ദിച്ച് ജോസ് കെ മാണി

പാലായില്‍ കെ എം മാണി സ്മാരകത്തിന് അഞ്ച് കോടി രൂപ അനുവദിച്ചതിന് സംസ്ഥാന സര്‍ക്കാരിനെ പരസ്യമായി അഭിനന്ദിച്ച് ജോസ് കെ മാണി. കുട്ടനാട് നിയമസഭാ മണ്ഡലത്തിലും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കെ എം മാണി സ്മാരകത്തിന് അഞ്ച് കോടി അനുവദിച്ചതിനെ യുഡിഎഫിലെ ചിലര്‍ സംശയത്തോടെ നോക്കിക്കാണുന്നതിനിടെയാണ് ജോസ് കെ മാണി നന്ദി പരസ്യമായി പറഞ്ഞത്. എല്‍ഡിഫുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. പണം അനുവദിച്ചതില്‍ രാഷ്ട്രീയമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഇത്തരമൊരു പ്രഖ്യാപനം തോമസ് ഐസക്ക് നടത്തുമെന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ പ്രതീക്ഷിച്ചതല്ല. പാലായില്‍ കെ എം മാണി പഠന ഗവേഷണ കേന്ദ്രത്തിന് അഞ്ച് കോടി രൂപ എന്ന പ്രഖ്യാപനത്തിന് കയ്യടി മുഴുവന്‍ ഭരണപക്ഷ ബെഞ്ചുകളില്‍ നിന്നായിരുന്നു. പാലായില്‍ കെ എം മാണി പഠന ഗവേഷണ കേന്ദ്രത്തിന് അഞ്ച് കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി ജനുവരി 24 നാണ് കത്ത് നല്‍കിയത്. ആവശ്യം തോമസ് ഐസക് അതേപടി അംഗീകരിച്ചു. പാലായിലെ തോല്‍വിയെ തുടര്‍ന്ന് യുഡിഎഫ് നേതൃത്വത്തോട് നീരസത്തിലുള്ള ജോസ് കെ മാണി വിഭാഗം കുട്ടനാടിനായി സമ്മര്‍ദം ശക്തമാക്കി വരികയാണ്. കുട്ടനാട് സീറ്റ് തനിക്ക് അവകാശപ്പെട്ടതെന്ന നിലപാടിലാണ് പി ജെ ജോസഫ് .

കുട്ടനാട് ഇടതുമുന്നണിയാകട്ടെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങള്‍ കുട്ടനാടിനായി പിടിമുറുക്കുന്നതിനിടെയാണ് ജോസ് പക്ഷത്തിന് ബജറ്റിലൂടെ സര്‍ക്കാരിന്റെ പരിഗണന. മുന്നണി വിട്ട് വരാന്‍ ജോസ് കെ മാണി പക്ഷത്തിനുള്ള ക്ഷണമായി ബജറ്റ് പ്രഖ്യാപനത്തെ കാണുന്നവരുമുണ്ട്. പ്രഖ്യാപനം എല്‍ഡിഎഫില്‍ ആഹ്ലാദമുയര്‍ത്തിയപ്പോള്‍ യുഡിഎഫ് നേതൃത്വം ആശങ്കയിലാണ്.

 

Story Highlights- KM Mani memorial, Jose K. Mani, Congratulates the State Government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top