സർഫറാസ് അഹ്മദ് പുറത്ത്; പാക് നായകനായി ബാബർ അസം എത്തുമെന്ന് റിപ്പോർട്ട്

പാകിസ്താൻ ക്രിക്കറ്റ് ടീമിൻ്റെ ഏകദിന നായക സ്ഥാനത്തു നിന്ന് സർഫറാസ് അഹ്മദ് പുറത്ത്. സർഫറാസിനു പകരം സൂപ്പർ താരം ബാബർ അസം പാക് ടീമിൻ്റെ നായകസ്ഥാനം ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ലോകകപ്പിൽ സർഫറാസിൻ്റെ നായകത്തം ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ സർഫറാസ് അഹ്മദായിരുന്നു മൂന്നു ഫോർമാറ്റിലും പാകിസ്താൻ്റെ നായകൻ. ലോകകപ്പിനു ശേഷം സർഫറാസിൻ്റെ ടെസ്റ്റ്, ടി-20 ടീമുകളിൽ നിന്ന് പുറത്താക്കിയ പാക് ക്രിക്കറ്റ് ബോർഡ് ടെസ്റ്റിൽ അസ്ഹർ അലിയെയും ടി-20യിൽ ബാബർ അസമിനെയും നായകരായി നിയമിച്ചു. ഏകദിനത്തിൽ ഇതുവരെ ക്യാപ്റ്റനെ നിയമിച്ചിട്ടില്ല. ഇതാണ് ഇപ്പോൾ തീരുമാനിക്കപ്പെടുന്നത്.
വരുന്ന ബംഗ്ലാദേശ് പരമ്പരയിലാണ് പുതിയ ക്യാപ്റ്റൻ പാകിസ്താനെ നയിക്കുക. ഏപ്രിൽ മൂന്നിനാണ് പരമ്പര ആരംഭിക്കുക.
അതേ സമയം, സർഫറാസിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കുന്നതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. അദ്ദേഹം മികച്ച നായകനായിരുന്നു എന്നും കാരണങ്ങൾ ഇല്ലാതെ അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റുന്നത് നീതികേടാണെന്നും മുൻ മുഖ്യ സെലക്ടർ മുഹ്സിൻ ഖാൻ പറഞ്ഞു. 2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തോല്പിച്ച് പാകിസ്താൻ കിരീടം ഉയർത്തുമ്പോൾ സർഫറാസ് ആയിരുന്നു പാക് ടീം നായകൻ. സർഫറാസിൻ്റെ കീഴിൽ ലോകകപ്പിലെ അവസാന 4 മത്സരങ്ങൾ ഉൾപ്പെടെ പാകിസ്താൻ തുടർച്ചയായ ആറു ജയങ്ങൾ കുറിച്ചിരുന്നു.
Story Highlights: Pakistan, Sarfaraz Ahmed, Babar Azam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here