ത്രിരാഷ്ട്ര വനിതാ ടി-20: തകർപ്പൻ ബാറ്റിംഗുമായി മന്ദനയും ഷഫാലിയും; ഇന്ത്യക്ക് റെക്കോർഡ് ജയം

ത്രിരാഷ്ട്ര വനിതാ ടി-20യിൽ കരുത്തരായ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഉജ്ജ്വല ജയം. ഓസ്ട്രേലിയ മുന്നോട്ടു വെച്ച 174 റൺസ് വിജയലക്ഷ്യം ഇന്ത്യ അവസാന ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. ഇന്ത്യയുടെ റെക്കോർഡ് ചേസിംഗ് ആണിത്. ഓപ്പണർമാരുടെ തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യക്ക് കരുത്തായത്. സ്മൃതി മന്ദന 55 റൺസെടുത്ത് ടോപ്പ് സ്കോററായി. കൗമാര താരം ഷഫാലി വർമ 49 റൺസെടുത്തു.

ഗംഭീരമായാണ് ഇന്ത്യ തുടങ്ങിയത്. ക്ലബ് ബൗളർമാരെ നേരിടുന്ന ലാഘവത്തോടെ ഇന്ത്യൻ ഓപ്പണർ ഓസീസ് ബൗളർമാരെ തല്ലിച്ചതച്ചു. 16 വയസ്സുകാരിയായ ഷഫാലി വർമ ആയിരുന്നു കൂട്ടത്തിൽ അപകടകാരി. ഷഫാലിക്ക് പിന്തുണ നൽകി മന്ദന നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിന്നപ്പോൾ ഷഫാലി എലിസ് പെറിയും ജെസ് ജൊനാസനും അടങ്ങുന്ന ഓസീസിൻ്റെ ലോകോത്തര ബൗളിംഗ് നിരയെ പിച്ചിച്ചീന്തി. 8.2 ഓവറിൽ 85 എന്ന നിലയിലാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. വെറും 28 പന്തുകളിൽ 8 ബൗണ്ടറികളും ഒരു സിക്സറും സഹിതം 49 റൺസെടുത്ത ഷഫാലിയെ നിക്കോൾ കാരിയുടെ കൈകളിൽ എത്തിച്ച എലിസ് പെറി ഓസീസിന് ബ്രേക്ക്‌ത്രൂ നൽകി.

മൂന്നാം നമ്പറിൽ ഇറങ്ങിയ ജമീമ റോഡ്രിഗസും നിരാശപ്പെടുത്തിയില്ല. മന്ദനയുമായി രണ്ടാം വിക്കറ്റിൽ 37 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ജമീമ 19 പന്തുകൾ 5 ബൗണ്ടറിയടക്കം 30 റൺസെടുത്ത് പുറത്തായി. മേഗൻ ഷൂട്ടിൻ്റെ പന്തിൽ അലിസ ഹീലി പിടിച്ചാണ് ജമീമ പവലിയനിലേക്ക് മടങ്ങിയത്. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമായി ചേർന്ന് മന്ദന 42 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ 44 പന്തുകളിൽ ഇന്ത്യൻ ഓപ്പണർ അർധസെഞ്ചുറിയും കുറിച്ചു. അർധസെഞ്ചുറിക്ക് പിന്നാലെ 48 പന്തുകളിൽ 7 ബൗണ്ടറി അടക്കം 55 റൺസെടുത്ത മന്ദന നിക്കോൾ കാരിയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി.

ജയിക്കാൻ 10 റൺസ് മാത്രം വേണ്ടിയിരുന്നപ്പോഴാണ് മന്ദന പുറത്തായത്. അഞ്ചാം നമ്പറിൽ ക്രീസിലെത്തിയ ദീപ്തി ശർമ്മ 4 പന്തുകളിൽ 2 ബൗണ്ടറിയടക്കം 11 റൺസെടുത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ദീപ്തിയും ഹർമൻപ്രീതും (20) പുറത്താവാതെ നിന്നു.

ഇതോടെ നാലു മത്സരങ്ങളിൽ നിന്ന് ഇന്ത്യക്ക് രണ്ട് ജയം ആയി. ഇംഗ്ലണ്ടിനെതിരെ ആദ്യ മത്സരം ജയിച്ച ഇന്ത്യ പിന്നീട് ഓസ്ട്രേലിയക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും പരാജയപ്പെട്ടിരുന്നു. ജയത്തോടെ ഇന്ത്യ പട്ടികയിൽ രണ്ടാമതാണ്. ഓസ്ട്രേലിയ-ഇംഗ്ലണ്ട് മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചാൽ ഇന്ത്യക്ക് ഫൈനൽ കളിക്കാം. ഓസ്ട്രേലിയ ജയിച്ചാൽ ഇരു ടീമുകൾക്കും രണ്ട് ജയം വീതം ഉണ്ടാവുമെങ്കിലും മികച്ച നെറ്റ് റൺ റേറ്റിൽ ഓസീസ് ഫൈനലിലേക്ക് ടിക്കറ്റെടുക്കും.

Story Highlights: Smriti Mandhana, Shefali Verma, T-20

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top