കേരളാ കോൺഗ്രസിൽ ലയനമില്ല; ജോസഫ് വിഭാഗവുമായുള്ള ലയന ചർച്ചയ്ക്ക് പോലും പ്രസക്തിയില്ലെന്ന് അനൂപ് ജേക്കബ്

കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി ജേക്കബ് ഗ്രൂപ്പ് ലയിക്കില്ല. നിലവിൽ ലയിക്കേണ്ട സാഹചര്യമില്ലെന്ന് അനൂപ് ജേക്കബ് പറഞ്ഞു.
കേരളാ കോൺഗ്രസിൽ ലയന കാര്യത്തിൽ ജേക്കബ് ഗ്രൂപ്പിൽ ഭിന്നത തുടരുകയാണ്. നിലവിൽ ലയിക്കേണ്ട സാഹചര്യമില്ലെന്നും ഇത് സംബന്ധിച്ച ചർച്ചയ്ക്ക് പോലും പ്രസക്തിയില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു. ഭൂരിപക്ഷം നേതാക്കൾക്കും എതിരഭിപ്രായമാണെന്നും ലയനം ജോണി നെല്ലൂരിന്റെ മാത്രം ആശയമാണെന്നും അനൂപ് ജേക്കബ് കൂട്ടിച്ചേർത്തു.
Read Also : പത്തനംതിട്ടയിൽ യുഡിഎഫ് നേതൃയോഗത്തിൽ കേരളാ കോൺഗ്രസ് ചേരിപ്പോര്
സംസ്ഥാന കമ്മിറ്റിയിൽ ഭൂരിപക്ഷം നേതാക്കളും ലയന നീക്കത്തെ എതിർത്തിരുന്നു. സ്ഥാനമാനങ്ങൾക്ക് വേണ്ടി പാർട്ടിയെ മറ്റൊരു തൊഴുത്തിൽ കൊണ്ടുപോയി കെട്ടേണ്ടതില്ലെന്നാണ് പാർട്ടിയിലെ പൊതുവികാരം. ലയനം ജോണി നെല്ലൂരിന്റെ ആശയമാണ്. ജോസഫ് വിഭാഗവുമായുള്ള ലയന ചർച്ചകൾക്കായി ചേർന്ന യോഗത്തിലുടനീളം ലയനത്തെ അനുകൂലിച്ച ജോണി നെല്ലൂർ, പുറത്ത് വന്ന് ഘടകവിരുദ്ധമായി പ്രതികരിച്ചത് എതിർ വിഭാഗത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ജോസഫുമായി ലയിച്ചാൽ മന്ത്രി സ്ഥാനവും പാർട്ടി പദവികളും ലഭിക്കുമെന്ന കാര്യത്തിൽ പല നേതാക്കളും ആശങ്ക പങ്കുവച്ചു. ഒരു എംഎൽഎ മാത്രം ഉണ്ടായിരുന്നപ്പോഴും പാർട്ടിക്ക് മന്ത്രി സ്ഥാനം ലഭിച്ചിട്ടുണ്ട്. മുന്നണിയിൽ മാന്യമായ പരിഗണന ലഭിക്കുന്നുണ്ടെന്നാണ് പൊതുവികാരം. ലയനം സംബന്ധിച്ച് ചർച്ചയ്ക്ക് പോലും പ്രസക്തിയില്ലെന്നു അനൂപ് ജേക്കബ് 24 നോട് പ്രതികരിച്ചു.
ജോണി നെല്ലൂർ ചർച്ചയുമായി മുന്നോട്ടുപോയാലും സഹകരിക്കില്ലെന്നാണ് അനൂപ് ജേക്കബിന്റെ നിലപാട്. അനൂപ് പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചതോടെ ലയനനീക്കം ജോസഫ് വിഭാവും തളളി.
പാർട്ടിയിലെ ഏക എംഎൽഎയായ അനൂപ് ഇല്ലാതെ ജേക്കബ് ഗ്രൂപ്പുമായി ലയിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് ജോസഫ് ഗ്രൂപ്പിലെ വികാരം. ഇനി ലയന ചർച്ചകളുമായി ജോണി നെല്ലൂർ മുന്നോട്ടുപോയാൽ മറ്റൊരു കേരളാ കോൺഗ്രസ് പിളർപ്പ് ഉണ്ടാകുമെന്ന് ഉറപ്പാണ്.
Story Highlights- Anoop Jacob, Kerala Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here