പത്തനംതിട്ടയിൽ യുഡിഎഫ് നേതൃയോഗത്തിൽ കേരളാ കോൺഗ്രസ് ചേരിപ്പോര്

യുഡിഎഫ് പത്തനംതിട്ടാ ജില്ലാ നേതൃയോഗത്തിൽ കേരളാ കോൺഗ്രസ് ചേരിപ്പോര്. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം എൽഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ചെന്നാരോപിച്ച് ജോസ് വിഭാഗം യോഗം ബഹിഷ്‌കരിച്ചു. പാർട്ടിയിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോരാണ് യുഡിഎഫിന് മൃഗീയ ഭൂരിപക്ഷമുള്ള നഗരസഭയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനം നഷ്ടമാകാൻ കാരണം.
Read Also: ഭൂരഹിതർക്ക് പതിച്ച് നൽകിയത് ഗെയിൽ വാതക പൈപ്പ് ലൈൻ കടന്ന് പോകുന്ന ഭൂമി
തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗത്തിൽ നിന്നുള്ള അംഗമാണ് യുഡിഎഫ് പ്രതിനിധിയായി മത്സരിച്ചത്. ജോസഫ് വിഭാഗത്തിൽ നിന്നുള്ള അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ ചെയർപേഴ്‌സൺ സ്ഥാനം മുന്നണിക്ക് നഷ്ടമായി. നിലവിൽ അധ്യക്ഷ സ്ഥാനത്ത് ജോസഫ് വിഭാഗം നേതാവാണ്. യുഡിഎഫിനെതിരായി പ്രവർത്തിക്കുന്ന ജോസഫ് വിഭാഗത്തിനൊപ്പം ഇനി യോഗത്തിൽ പങ്കെടുക്കാനിക്കില്ലെന്ന് ജോസ് കെ മാണി പക്ഷത്തുള്ള നേതാക്കൾ പറഞ്ഞു.
പാർട്ടി ചെയർമാനായ പിജെ ജോസഫ് വിപ്പ് നൽകാത്തത് കൊണ്ടാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതെന്ന് ജോസഫ് വിഭാഗം നേതാക്കൾ പറയുന്നു. കോൺഗ്രസ് നേതൃത്വം ഇരുവിഭാഗങ്ങളുമായി അനുരഞ്ജന ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.
യുഡിഎഫിലെ മറ്റ് ഘടകകക്ഷികളായ ആർഎസ്പി, ഫോർഡ് ബ്ലോക്ക്, കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം നേതാക്കളും യോഗം കൃത്യസമയത്ത് ആരംഭിക്കാതെ വന്നതോടെ ഇറങ്ങിപ്പോയി.
udf, pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here