ഓടുന്ന ട്രെയിനില്‍ നിന്ന് വീണ യുവാവിന് പുതുജീവന്‍ നല്‍കി ചോമ്പാല പൊലീസ്

ഓടുന്ന ട്രെയിനില്‍ നിന്നും വീണ യുവാവിന് പുതുജീവന്‍ നല്‍കി ചോമ്പാല പൊലീസ്. തിരുനെല്‍വേലി ദാദര്‍ എക്‌സ്പ്രസില്‍ സഞ്ചരിക്കുകയായിരുന്ന അനുരാഗ് (19) എന്നയാളാണ് ട്രെയിനില്‍ നിന്ന് വീണത്. മരണത്തെ മുഖാമുഖം കണ്ട അനുരാഗിന് പുതുജീവനേകിയത് കോഴിക്കോട് ചോമ്പാല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ്. ട്രെയിനില്‍ നിന്ന് വീണ് പരുക്കേറ്റ അനുരാഗ് ഇപ്പോള്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.

നാദാപുരം റോഡിനും കണ്ണൂക്കരക്കും ഇടയില്‍ ട്രെയിനില്‍ നിന്നും ഒരു കുട്ടി വീണിട്ടുണ്ടെന്ന സന്ദേശം പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 112 ല്‍ ലഭിച്ചപ്പോഴാണ് ചോമ്പാല പൊലീസും നാട്ടുകാരും തെരച്ചില്‍ നടത്തുകയും ഗുരുതര പരിക്കുകളോടെ റെയില്‍വേ പാളത്തിനു സമീപം കിടക്കുന്ന അനുരാഗിനെ കണ്ടെത്തുകയും ചെയ്തത്.

ഉടന്‍ തന്നെ അനുരാഗിനെ മാഹി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജില്‍ എത്തിക്കണമെന്ന് മാഹി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്ന ചോമ്പാല സ്റ്റേഷനിലെ എസ്‌ഐ മനോജന്‍, സിവില്‍ പൊലീസ് ഓഫീസര്‍ സുജില്‍ എന്നിവര്‍ ഉടന്‍തന്നെ ആംബുലന്‍സ് ഏര്‍പ്പാടാക്കി പരുക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. അപകടനില ഗുരുതരമാകാതെ മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ സാധിച്ചതിനാല്‍ അടിയന്തിര സര്‍ജറിക്കു വിധേയമാക്കി യുവാവിന്റെ ജീവന്‍ രക്ഷിക്കാനായി.

Story Highlights: kerala police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top