Advertisement

ഷഹീൻബാഗിലുള്ളത് ഒരു പ്രത്യേക മതവിഭാഗം; അവർക്ക് മോദി സർക്കാരിനോട് ദേഷ്യം; സുശീൽ മോദി

February 9, 2020
Google News 2 minutes Read

ഷഹീൻബാഗ് പ്രതിഷേധക്കാരെ വിമർശിച്ച് ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി. സമരപ്പന്തലിലുള്ളത് ഒരു പ്രത്യേക മതവിഭാഗമാണെന്നും അവർക്ക് മോദി സർക്കാരിനോടാണ് ദേഷ്യമെന്നും സുശീൽ മോദി പറഞ്ഞു. സിഎഎയോട് അവർക്ക് എതിർപ്പൊന്നും ഇല്ലെന്നും പാറ്റ്നയിൽ നടന്ന ഒരു പൊതു പരിപാടിക്കിടെ സുശീൽ മോദി പറഞ്ഞു.

“ഡൽഹിയിലെ ഷഹീൻബാഗിൽ പ്രതിഷേധിക്കുന്നവർ ആരാണ്? കഴിഞ്ഞ ആറു മാസങ്ങളിലായി നരേന്ദ്രമോദി സർക്കാർ ചെയ്ത പ്രവർത്തനങ്ങളോട് എതിർപ്പുള്ള ചില പ്രത്യേക മതവിഭാഗക്കാരാണ് അവിടെ ഉള്ളത്. അവർക്ക് സിഎഎയോട് എതിർപ്പില്ല. ആർട്ടിക്കിൾ 370 റദ്ദാക്കിയതും മുത്തലാക്ക് നിർത്തലാക്കിയതും ഈ സർക്കാരിനോട് അവർക്ക് ദേഷ്യം ഉണ്ടാക്കിയിട്ടുണ്ട്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ സുപ്രിം കോടതി അനുവാദം നൽകി. ഇതിലൊക്കെയുള്ള ദേഷ്യമാണ് ഷഹീൻബാഗ് സമരത്തിലൂടെ കാണാൻ കഴിയുന്നത്”- മോദി പറഞ്ഞു.

ദളിത്-മുസ്ലിം സഖ്യം രാജ്യത്ത് കൊണ്ടു വരാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അതിനെ അനുവദിക്കില്ലെന്നും മോദി കൂട്ടിച്ചേർത്തു. ഹിന്ദു സമുദായത്തിൽ ദളിതുകൾക്ക് അവഗണനയാണെന്ന് ചിലർ പറയുന്നു. ബ്രിട്ടീഷുകാരുടെ കാലം മുതൽ ദളിതുകളെ ഹിന്ദുക്കളിൽ നിന്ന് അകറ്റാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബീഹാറിൽ ഇടത് സംഘടനകളുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ പങ്കെടുത്തവർ ഒരു പ്രത്യേക മതവിഭാഗമാണെന്നും മോദി ആരോപിച്ചു. അവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, ബിജെപി അധികാരത്തിലെത്തിയാൽ ഷഹീൻ ബാഗിലെ സമരപ്പന്തൽ പൊളിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള സമരമാണ് ഷഹീൻ ബാഗിൽ നടക്കുന്നത്. ഈ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ആളുകളാണ് ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് പിന്നിൽ ചരട് വലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Shaheen Bagh, BJP, Sushil Modi, Narendra Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here