Advertisement

എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ ഇടപെടാനുള്ള സർക്കാർ തീരുമാനം; കടുത്ത വിമർശനവുമായി ലീഗ് നേതൃത്വം

February 10, 2020
Google News 1 minute Read

എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ ഇടപെടാനുള്ള സർക്കാർ തീരുമാനത്തിൽ കടുത്ത വിമർശനവുമായി ലീഗ് നേതൃത്വം. വിദ്യാഭ്യാസ മേഖലയിൽ മാനേജ്മെന്റിനെയോ, അധ്യാപകരെയോ വിരട്ടി ശുദ്ധീകരണം നടത്താൻ മുഖ്യമന്ത്രി ശ്രമം നടത്തേണ്ടന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പ്രതികരിച്ചു. എന്നാൽ എയ്ഡഡ് സ്കൂൾ നിയമന വിഷയത്തിൽ കെഇആർ പരിഷ്ക്കരിക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും, മുഖ്യമന്ത്രിയും ധനമന്ത്രിയും പറഞ്ഞതാണ് സർക്കാർ നിലപാടെന്നും വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് രംഗത്തെത്തി.

എയ്ഡഡ് സ്കൂൾ നിയമനങ്ങളുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷവും ഒരു വിഭാഗം മാനേജ്മെന്റുകളും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾക്ക് മുഖ്യമന്ത്രി ശക്തമായ ഭാഷയിൽ മറുപടി നൽകുകയും ചെയ്തു. ഇതാണ് വിദ്യാഭ്യാസ മേഖല സംബന്ധിച്ച പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. മാനേജ്മെന്റുകളേയോ അദ്ധ്യാപകരെയോ വിരട്ടി കാര്യം നേടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും വിരട്ടി മുന്നോട് പോവുക എന്നത് മുഖ്യമന്ത്രിയുടെ ശൈലിയാണെന്നുമുള്ള ആക്ഷേപവുമായാണ് ലീഗ് നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. സ്കൂൾ മാനേജ്മെന്റുകൾ വിദ്യാഭ്യാസ പുരോഗതിയിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചവരാണെന്ന കാര്യം മറക്കരുതെന്നും ലീഗ് സംസ്ഥാന ജനൽ സെക്രട്ടി കെപിഎ മജീദ് പ്രതികരിച്ചു.

എന്നാൽ എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ മുഖ്യമന്ത്രിക്ക് പൂർണ്ണ പിന്തുണയുമായാണ് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് രംഗത്തെത്തിയത്. മുഖ്യമന്ത്രിയും ധനമന്ത്രിയും പറഞ്ഞതാണ് സർക്കാർ നിലപാടെന്നും സർക്കാരിന് ഇക്കാര്യത്തിൽ ഒറ്റ അഭിപ്രായമേ ഉള്ളുവെന്നും രവീന്ദ്രനാഥ് ആലപ്പുഴയിൽ പറഞ്ഞു.

ഏതായാലും , എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥി അധ്യാപക അനുപാതത്തിലും, പുതിയ തസ്തിക സൃഷ്ട്ടിക്കലിലും കെഇആർ പരിഷ്ക്കരണം വരെ നടത്താൻ ഉറച്ചാണ് സർക്കാർ മുന്നോട്ട് പോകന്നത് എന്ന് വ്യക്തമായിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ മറ്റ് സാമുദായിക സംഘടനാ മാനേജ്മെന്റുകൾ അടക്കമുള്ളവർ വിവാദത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്നത് വരും ദിവസങ്ങളിലെ രാഷ്ട്രീയ ചർച്ചകളിൽ നിർണായകമാകും.

Story highlights: KPA Majeed, Muslim League, Aided School

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here