കേന്ദ്ര സര്‍ക്കാരിന്റെ എസ്‌സി, എസ്ടി നിയമ ഭേദഗതി സുപ്രിംകോടതി ശരിവച്ചു

കേന്ദ്ര സര്‍ക്കാരിന്റെ എസ്‌സി, എസ്ടി നിയമ ഭേദഗതി സുപ്രിംകോടതി ശരിവച്ചു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍, രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ചാണ് നിയമ ഭേദഗതി ശരിവച്ചത്. പട്ടികജാതി, പട്ടികവര്‍ഗ നിയമപ്രകാരമുള്ള പരാതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രാഥമികാന്വേഷണം കൂടാതെ അറസ്റ്റ് ചെയ്യരുതെന്നും പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിക്കരുതെന്നുമായിരുന്നു 2018 ലെ സുപ്രിംകോടതി വിധി. പട്ടികജാതി, പട്ടികവര്‍ഗ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി.

ജാതിരഹിത സമൂഹം മരീചികയായി നില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയാണ് രാജ്യത്ത് ഇന്നും നിലനില്‍ക്കുന്നത്. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ക്ക് സാധുതയുണ്ടെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസെടുക്കുന്നതിന് മുന്‍പ് പ്രാഥമിക അന്വേഷണമോ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോ ആവശ്യമില്ല. പട്ടികവിഭാഗക്കാര്‍ നല്‍കുന്ന കേസുകളില്‍ പ്രതികളായവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന വ്യവസ്ഥയും കോടതി ശരിവച്ചു. എന്നാല്‍ അസാധാരണ സാഹചര്യങ്ങളില്‍ എഫ്‌ഐആര്‍ റദ്ദാക്കാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വിധിക്കൊപ്പം ചേര്‍ന്ന് തന്നെ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് പ്രത്യേകം വിധിയെഴുതി

പട്ടികവിഭാഗത്തില്‍പ്പെട്ടവരുടെ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തണമെന്ന നിര്‍ദേശം പുറപ്പെടുവിച്ച സുപ്രിംകോടതി വിധി മറികടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ മാത്രമേ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാവൂ, പ്രതിപട്ടികയില്‍ ഉള്ളവര്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് തടസമില്ല തുടങ്ങിയ നിര്‍ദേശങ്ങളും രണ്ടംഗ ബെഞ്ച് മുന്നോട്ടുവച്ചിരുന്നു.

പുനഃപരിശോധനാ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലിരിക്കെ വിധി മറികടക്കാന്‍ ഭേദഗതി കൊണ്ടുവന്നത് ഭരണഘടനാ ലംഘനമാണെന്ന് ആരോപിച്ച് അഭിഭാഷകരായ പൃഥ്വിരാജ് ചൗഹാന്‍, പ്രിയാ ശര്‍മ എന്നിവര്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. വ്യവസ്ഥകള്‍ ലഘൂകരിച്ച രണ്ടംഗ ബെഞ്ചിന്റെ വിധി നേരത്തെ മൂന്നംഗ ബെഞ്ച് പിന്‍വലിച്ചിരുന്നു.

 

Story Highlights- Supreme Court, SC-ST law amendment

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top