സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചു പണി

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചു പണി. പൊതുമരാമത്ത് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി ടികെ ജോസിനെയും,ശാരദാ മുരളീധരനെ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. വാളയാർ ജുഡീഷ്യൽ കമ്മീഷന്റെ കാലാവധി രണ്ടു മാസത്തേക്ക് കൂടി നീട്ടാനും മന്ത്രി സഭായോഗത്തിൽ തീരുമാനിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിനെ പൊതുമരാമത്ത് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായാണ് മാറ്റി നിയമിക്കുന്നത്. ശാരദാ മുരളീധരൻ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലകിന് ഊർജ്ജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല നൽകുവാനും തീരുമാനിച്ചു.

ന്യൂഡൽഹി കേരളാഹൗസ് റസിഡൻറ് കമ്മീഷണർ പുനീത് കുമാറിനെ പട്ടികജാതിപട്ടികവർഗ്ഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയും ഉണ്ടാകും. സഞ്ജയ് ഗാർഗിനെ ഡൽഹി കേരളാഹൗസ് റസിഡന്റ് കമ്മീഷണറായി നിയമിക്കും. വിക്രംജിത് സിങ്ങിനെ കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി നിയമിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വാളയാർ പെൺകുട്ടികളുടെ മരണം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട റിട്ട. ജഡ്ജി പി.കെ. ഹനീഫ കമ്മീഷൻറെ കാലാവധി ഫെബ്രുവരി 25 മുതൽ രണ്ടു മാസത്തേക്ക് നീട്ടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Story Highlights- IAS

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top