Advertisement

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്; ഐ ഗ്രൂപ്പിൽ വിഭാഗീയത രൂക്ഷം; രണ്ട് ജില്ലകളിൽ നേർക്കുനേർ ഏറ്റുമുട്ടൽ

February 12, 2020
Google News 1 minute Read

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പിൽ വിഭാഗീയത രൂക്ഷമാകുന്നു. മണ്ഡലം,ബ്ലോക്ക്, ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പലയിടത്തും രണ്ട് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ചെന്നിത്തലയുടെയും കെസി വേണുഗോപാലിന്റെയും നോമിനികൾ ആലപ്പുഴയിലും കാസർഗോട്ടും നേർക്കുനേർ മത്സരിക്കുന്നു. പലയിടത്തും ഐ ഗ്രൂപ്പിന് രണ്ട് സ്ഥാനാർത്ഥികളാണുള്ളത്. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ധാരണ പ്രകാരം ഐ ഗ്രൂപ്പിന് ആറും എ ഗ്രൂപ്പിന് എട്ടും ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങളാണ് നൽകിയിരുന്നത്.

Read Also: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; മത്സരിക്കാൻ നോമിനേഷൻ നൽകുന്നില്ലെന്ന് ഹൈബി ഈഡൻ

കാസർഗോഡ്, കണ്ണൂർ, എറണാകുളം, കൊല്ലം, തൃശൂർ, ആലപ്പുഴ എന്നീ ജില്ലകൾ ഐ ഗ്രൂപ്പിന് നൽകി. കണ്ണൂരിൽ കെ സുധാകരന്റെ പ്രതിനിധി സുദീപ് ജെയിംസിനെ എതിരില്ലാതെ തെരഞ്ഞെടുത്തുവെങ്കിലും മറ്റ് ജില്ലകളിൽ പക്ഷേ രണ്ടോ അതിലധികമോ സ്ഥാനാർത്ഥികളുണ്ട്.

കഴിഞ്ഞ ദിവസം ജോസഫ് വാഴയ്ക്കന്റെ നേതൃത്വത്തിൽ രഹസ്യ യോഗം ചേർന്ന് കൊല്ലം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഒരാൾ മത്സരിച്ചാൽ മതിയെന്ന ധാരണയിലെത്തിച്ചേർന്നിരുന്നു. എന്നാൽ ആലപ്പുഴയിലും കാസർഗോട്ടും കെസി വേണുഗോപാലിന്റെ പ്രതിനിധികൾ പിന്മാറാൻ തയാറല്ല. ചെന്നിത്തലയുടെ പ്രതിനിധിയായ പ്രദീപ് കുമാറിനെതിരെ കാസർഗോട്ട് മനാഫ് നുള്ളിപ്പാടിയും, ആലപ്പുഴയിൽ ടിജിൻ ജോസഫിനെതിരെ മുഹമ്മദ് അസ്ലമുമാണ് കെസി വേണുഗോപാൽ പക്ഷത്തിന്റെ സ്ഥാനാർത്ഥികൾ.

കെപിസിസി പുനഃസംഘടനയിലും കെസി വേണുഗോപാൽ കൈകടത്തിയെന്ന് ആക്ഷേപമുണ്ട്. സജീവ് ജോസഫ്, സജീവ് മാറോളി, പഴകുളം മധു, വി രവികുമാർ ഉൾപ്പെടെ പലരും കെസി വേണുഗോപാലിനോട് അടുപ്പം പുലർത്തുന്നവരാണ്. അധികാര മോഹികളിൽ പലരും കെസിയോട് അടുക്കുന്നു എന്നത് ചെന്നിത്തലയെ അലോസരപ്പെടുത്തുന്നുവെന്നാണ് വിവരം. കെസി വേണുഗോപാൽ യൂത്ത് കോൺഗ്രസിൽ ആധിപത്യം സ്ഥാപിക്കുവാൻ ശ്രമം നടത്തുന്നതെന്നാണ് ചെന്നിത്തല വിഭാഗത്തിന്റെ ആക്ഷേപം. വരും ദിവസങ്ങളിൽ വിശാല ഐ ഗ്രൂപ്പിനുള്ളിലെ വിഭാഗീയത കൂടുതൽ രൂക്ഷമാകുമെന്ന് ഉറപ്പാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here