നഷ്ടമായെന്ന് പറയുന്ന തോക്കുകൾ എസ്എപി ക്യാംപിൽ; സിഎജി റിപ്പോർട്ട് തള്ളി പൊലീസ്

തോക്കുകൾ നഷ്ടമായെന്ന സിഎജിയുടെ റിപ്പോർട്ട് തള്ളി പൊലീസ്. സിഎജിയുടെ നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനയിൽ തോക്കുകൾ കണ്ടെത്തി. ഇവ എസ്എപി ക്യാംപിൽ സൂക്ഷിച്ചിട്ടുണ്ട്. അന്തിമ റിപ്പോർട്ട് തയ്യാറാക്കും മുൻപ് ഇത് സിഐജി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും പൊലീസ് പറയുന്നു. സിഎജിക്ക് നൽകിയ വിശദീകരണത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. അതേ സമയം എസ്എപി ക്യാംപിലെ ആയുധങ്ങൾ ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിക്കും.
25 ഇൻസാസ് റൈഫിളുകൾ നഷ്ടപ്പെട്ടെന്നായിരുന്നു സിഎജിയുടെ റിപ്പോർട്ടിലെ കണ്ടെത്തൽ. എന്നാൽ ഇത് പൂർണമായും തള്ളുകയാണ് പൊലീസ്. റിപ്പോർട്ടിൽ പറയുന്ന തോക്കുകൾ പേരൂർക്കട എസ്എപി ക്യാമ്പിലുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. സിഎജി ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധിച്ചതിനു പിന്നാലെ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിലൂടെയാണ് വിവിധ ബറ്റാലിയനുകളിൽ ഉണ്ടായിരുന്ന തോക്കുകൾ കണ്ടെടുത്തത്. ഇവ സൂക്ഷിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം സിഎജി ഉദ്യോഗസ്ഥരെ രേഖാമൂലം അറിയിച്ചിരുന്നെങ്കിലും ഇത് അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ലെന്ന ആക്ഷേപവും പൊലീസ് ഉന്നയിക്കുന്നു.
തോക്കുകളുടെ എണ്ണത്തെക്കുറിച്ച് വീണ്ടും പരിശോധിക്കാൻ ഡിജിപി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തോക്കുകൾ നേരിട്ട് പരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇതിനായി 666 ഇൻസാസ് റൈഫിളുകൾ ഹാജരാക്കാൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി നിർദ്ദേശം നൽകി. സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഡിജിപി ലോക് നാഥ് ബെഹ്റയെ പ്രതിക്കൂട്ടിലാക്കി ഇന്നലെയാണ് വ്യാപക ക്രമക്കേടുകള്‍ ചൂണ്ടികാണിച്ച് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നത്. പൊലീസ് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാനുള്ള തുകയില്‍ നിന്ന് 2.81 കോടി വകമാറ്റി ഡിജിപിക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ സിഎജി വ്യക്തമാക്കുന്നു. ഉപകരണങ്ങള്‍ വങ്ങുന്നതില്‍ സ്റ്റോര്‍ പര്‍ച്ചൈസ് മാനുവല്‍ പൊലീസ് വകുപ്പ് ലംഘിച്ചുവെന്നും പൊലീസിന് കാര്‍ വാങ്ങിയതിൽ ക്രമക്കേട് ഉണ്ടെന്നുമാണ് സിഎജിയുടെ കണ്ടെത്തല്‍. തിരുവനന്തപുരം സ്‌പെഷ്യല്‍ ആംമ്ഡ് ബറ്റാലിയനില്‍ ഉപയോഗയോഗ്യമായ ആയുധങ്ങളുടെയും മറ്റും എണ്ണത്തില്‍ കുറവ് കണ്ടെത്തിയതായും നിയമസഭയുടെ മേശപ്പുറത്തു വെച്ച റിപ്പോര്‍ട്ടില്‍ സിഎജി വ്യക്തമാക്കുന്നു.
Story Highlights: CAG Report, Guns, Kerala Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here