സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണം : സുപ്രിംകോടതി

സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി. രാഷ്ട്രീയത്തിലെ ക്രിമിനൽവത്കരണം അവസാനിപ്പിക്കണമെന്ന ഹർജിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന വിധി.

ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളുടെ എണ്ണം ആശങ്കയുണ്ടാക്കുന്ന വിധം വർധിച്ചു വരികയാണെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ നാല് പൊതു തെരഞ്ഞെടുപ്പുകളിൽ ഈ പ്രവണത കാണുന്നുണ്ട്. രാഷ്ട്രീയത്തിലെ ക്രിമിനൽവത്കരണം അവസാനിപ്പിക്കാൻ കോടതി മാർഗ നിർദേശങ്ങൾ നൽകി. രാഷ്ട്രീയ പാർട്ടികൾ അവരുടെ വെബ്‌സൈറ്റിൽ ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് കോടതി പറഞ്ഞു.

എന്തു കൊണ്ടാണ് ഇത്തരം സ്ഥാനാർത്ഥികളെ മത്സരരംഗത്ത് ഇറക്കുന്നത് എന്ന് പാർട്ടികൾ വെബ്‌സൈറ്റിൽ വ്യക്തമാക്കണമെന്നും വിജയസാധ്യത മാത്രം മാനദണ്ഡം ആകരുതെന്നും കോടതി നിര്‍ദേശിച്ചു. 48 മണിക്കൂറിനകം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം, ഫേസ്ബുക്കിലും ട്വിറ്ററിലും വിവരങ്ങൾ നൽകണം, ഇത് നടപ്പാക്കിയ ശേഷം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം, ദേശിയ പത്രത്തിലും പ്രാദേശിക പത്രത്തിലും സ്ഥാനാർത്ഥിയെ സംബന്ധിച്ചുള്ള വിവരം പ്രസിദ്ധീകരിക്കണം, 72 മണിക്കൂറിനകം തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകണം എന്നിവയാണ് കോടതി മുന്നോട്ടുവച്ച മാർഗ നിർദേശങ്ങൾ.

മാർഗനിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിയെടുക്കും. 72 മണിക്കൂറിനകം മാർഗനിർദേശങ്ങൾ പാർട്ടികൾ നടപ്പാക്കണമെന്നാണ് കോടതി ഉത്തരവ്.

Story Highlights- election, supreme court,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More