കണ്ണൂരിൽ ബസ്സിൽ കയറുന്നതിനിടെ വിദ്യാർത്ഥിയെ ക്ലീനർ തള്ളിയിട്ടു; ബസ് പൊലീസ് കസ്റ്റഡിയിൽ

കണ്ണൂർ കൂടാളിയിൽ ബസ്സിൽ കയറുന്നതിനിടെ വിദ്യാർത്ഥിയെ ക്ലീനർ തള്ളിയിട്ടതായി പരാതി. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ക്ലീനർക്കെതിരെ കേസെടുത്തിട്ടുമുണ്ട്.
ബുധനാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. കൂടാളി ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെയാണ് ബസ് ജീവനക്കാരൻ ബസിൽ നിന്നും തള്ളിയിട്ടത്. സ്‌കൂളിന് മുന്നിലെ ബസ് സ്റ്റോപ്പിൽ നിന്നും ബസ് കയറുന്നതിനിടെയാണ് അപകടം. കണ്ണൂർ ഇരിട്ടി റൂട്ടിലോടുന്ന കെസിഎം ബസിൽ കയറുമ്പോഴാണ് വിദ്യാർത്ഥിയെ തള്ളിയിട്ടത്. വിദ്യാർത്ഥികൾ ക്യൂ നിന്ന് ബസിൽ കയറുകയായിരുന്നു. വിദ്യാർത്ഥികൾ കയറിക്കൊണ്ടിരിക്കുമ്പോൾ ബസ് മുന്നോട്ടെടുത്തു. എളമ്പാറയിലെ വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിയെ ബസിലെ ക്ലീനർ തള്ളിയിടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തലനാരിഴക്കാണ് വിദ്യാർത്ഥി പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
വിദ്യാർത്ഥിയുടെ രക്ഷിതാക്കളുടെ പരാതി പ്രകാരം ബസ്സിലെ ക്ലീനർ ശ്രീജിത്തിനെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തു. ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.
Story Highlights- Bus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here