ആലപ്പുഴ ബൈപ്പാസ് നിർമ്മാണം ഏപ്രിൽ 30ന് മുൻപ് പൂർത്തികരിക്കുമെന്ന് മന്ത്രി ജി സുധാകരൻ

ആലപ്പുഴ ബൈപ്പാസ് നിർമ്മാണം ഏപ്രിൽ 30ന് മുൻപ് പൂർത്തികരിക്കുമെന്ന് മന്ത്രി ജി സുധാകരൻ. ബൈപ്പാസിലെ രണ്ടാം റെയിൽവേ മേൽപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. ഗർഡറുകൾ സ്ഥാപിച്ചതിന് പിന്നാലെ കോൺക്രീറ്റിംഗും ആരംഭിക്കും.
വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപ്പാസ് നിർമ്മാണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. മേൽപ്പാലങ്ങൾ പൂർത്തിയാക്കാൻ റെയിൽവേയുടെ അനുമതി ലഭിക്കാതെ വന്നതായിരുന്നു ഏറ്റവും ഒടുവിലായി വന്ന തടസ്സം. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് മാളികമുക്കിലെ ഒന്നാം മേൽപ്പാലത്തിൽ ഗർഡറുകൾ നേരത്തെ തന്നെ സ്ഥാപിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ കുതിരപ്പന്തിയിലെ രണ്ടാം മേൽപ്പാലത്തിന്‍റെ നിർമ്മാണ ജോലികളാണ് ഇന്ന് തുടങ്ങിയിരിക്കുന്നത്.
മേൽപ്പാലങ്ങളുടെ നിർമാണം പൂർത്തിയായാൽ ബൈപ്പാസിന്‍റെ അപ്രോച്ച് റോഡുകളുടെ പണി തുടങ്ങും. അതിനു ശേഷം തെരുവ് വിളക്കുകൾ സ്ഥാപിക്കും. നിർമാണ ജോലികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ പൊതുമരാമത്ത് മന്ത്രി നിയോഗിച്ചിട്ടുണ്ട്.
ബൈപ്പാസിന്റെ ഒന്നാമത്തെ റെയിൽവേ ഓവർബ്രിഡ്ജിലുള്ള ഗർഡർ കേമ്പറിൻ്റെ അളവുകൾക്ക് റെയിൽവേ നേരത്തെ അംഗീകാരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാളികമുക്ക് ഭാഗത്തെ ഓവർ ബ്രിഡ്ജിന്റെ ഗർഡറുകൾ സ്ഥാപിക്കാനുള്ള നടപടികൾ അടുത്തിടെ ആരംഭിച്ചിരുന്നു. മേൽപ്പാലം കോൺക്രീറ്റ് ചെയ്യാനും അത് ഉണങ്ങി തയാറാകാനുമുള്ള കാലാവധിയും കണക്കാക്കിയാണ് ബൈപ്പാസ് ഏപ്രിൽ അവസാനത്തോടെ പൂർത്തീകരിക്കാൻ നിശ്ചയിച്ചിരിക്കുന്നത്.
Story Highlights: alappuzha bypass g sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here