Advertisement

പുതിയ ദശാബ്ദത്തിൽ പുതിയ ലോഗോ; ആർസിബിയുടെ പുതിയ മുഖം

February 14, 2020
Google News 16 minutes Read

കഴിഞ്ഞ ദിവസങ്ങളിലായി ഐപിഎൽ ക്ലബ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് സംഭവിച്ച മാറ്റങ്ങൾ ഏറെ ചർച്ചയായിരുന്നു. സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ നീക്കം ചെയ്ത ആർസിബി പല പോസ്റ്റുകളും നീക്കം ചെയ്തു. തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പഴയ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്ത ആർസിബി ട്വിറ്ററിലും ചില പോസ്റ്റുകൾ നീക്കം ചെയ്തു. ഇതിനൊക്കെ പുറമെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്ന പേരിലെ ബാംഗ്ലൂരും നീക്കം ചെയ്തു. ടീം നായകനായ വിരാട് കോലി ഉൾപ്പെടെ പലരും ആർസിബിയുടെ ഈ നീക്കത്തിൽ അത്ഭുതം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതിനൊക്കെ ഇപ്പോൾ റോയൽ ചലഞ്ചേഴ്സ് മറുപടി നൽകിയിരിക്കുകയാണ്.


പുതിയ ലോഗോയുമായി എത്തിയാണ് ബാംഗ്ലൂർ ആരാധകരുടെ ആശങ്കകൾക്ക് വിരാമമിട്ടത്. ഫെബ്രുവരി 14ന് പുതിയ വെളിപ്പെടുത്തൽ ഉണ്ടാവുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ച ബാംഗ്ലൂർ ആ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. പുതിയ ലോഗോ ആണ് തങ്ങളുടെ മുഖമായി സമൂഹമാധ്യമ അക്കൗണ്ടുകളിൽ ആർസിബി പങ്കുവെച്ചത്. ഇതോടൊപ്പം ട്വിറ്ററിൽ നിന്ന് അപ്രത്യക്ഷമായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിലെ ‘ബാംഗ്ലൂരും’ തിരികെ വന്നിട്ടുണ്ട്. ഇതിനൊക്കെ പുറമെ കഴിഞ്ഞ ദിവസങ്ങളിൽ ആശങ്കയറിയിച്ചവർക്ക് മറുപടി നൽകാനും ആർസിബി ശ്രദ്ധിച്ചു.


ബാംഗ്ലൂർ നായകൻ വിരാട് കോലി, ടീം അംഗങ്ങളായ യുസ്‌വേന്ദ്ര ചഹാൽ, എബി ഡിവില്ല്യേഴ്സ്, ഐപിഎൽ ടീമുകളായ ഡെൽഹി ക്യാപിറ്റൽസ്, സൺ റൈസേഴ്സ് ഹൈദരാബാദ് എന്നിവർക്കാണ് ആർസിബി മറുപടി നൽകിയത്. “പോസ്റ്റുകൾ അപ്രത്യക്ഷമാകുന്നു. ക്യാപ്റ്റനെ വിവരമറിയിച്ചില്ല. എന്തെങ്കിലും സഹായം വേണമെങ്കിൽ അറിയിക്കൂ.” എന്ന് ട്വിറ്ററിൽ കുറിച്ച കോലിക്ക് “എല്ലാം ഓക്കെയാണ് ക്യാപ്റ്റൻ. എല്ലാ നല്ല ഇന്നിംഗ്സുകളും പൂജ്യത്തിൽ നിന്നാണ് തുടങ്ങുന്നത്. നമ്മൾ ഇപ്പോൾ പുതിയ ഒരു ഇന്നിംഗ്സ് തുടങ്ങിയിരിക്കുകയാണ്.”- ന്യൂ ഡെക്കേഡ് ന്യൂ ആർസിബി എന്ന ഹാഷ്ടാഗോടെ റോയൽ ചലഞ്ചേഴ്സ് ഈ ട്വീറ്റിനു മറുപടി നൽകി.


“ആർസിബി, ഇതെന്ത് ഗൂഗ്ലിയാണ്? നിങ്ങളുടെ പ്രൊഫൈൽ ചിത്രവും ഇൻസ്റ്റഗ്രാം പോസ്റ്റുകളും എവിടെപ്പോയി?” എന്ന ചഹാലിൻ്റെ ചോദ്യത്തിന് “പേടിക്കേണ്ട, എല്ലാം ഓക്കെയാണ്. എല്ലാവരെയും ബൗൾഡാക്കാനായി ഒരു റോങ്’അൺ എറിഞ്ഞതാണെ”ന്ന് ആർസിബി മറുപടി നൽകി.


“നമ്മുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾക്ക് എന്താണ് സംഭവിച്ചത്. ഒരു സ്ട്രാറ്റജി ബ്രേക്കാണെന്ന് വിശ്വസിക്കുന്നു” എന്നായിരുന്നു ഡിവില്ല്യേഴ്സിൻ്റെ ട്വീറ്റ്. അതിന്, ‘ഇത് വെറുമൊരു സോഷ്യൽ മീഡിയ റീബൂട്ട് ആണെ’ന്നായിരുന്നു മറുപടി.


“നിങ്ങൾ റീബ്രാൻഡ് ചെയ്യുകയാണെങ്കിൽ എന്തെങ്കിലും സഹായം വേണമെങ്കിൽ അറിയിക്കൂ. അതേപ്പറ്റി ഞങ്ങൾക്ക് ചിലതൊക്കെ അറിയാം” എന്നായിരുന്നു ഡൽഹി ക്യാപിറ്റൽസിൻ്റെ ട്വീറ്റ്. “നിങ്ങളുടെ ശ്രദ്ധക്ക് വളരെ നന്ദി. റെസ്യൂമെ സ്വീകരിക്കുമ്പോൾ ഞങ്ങൾ അറിയിക്കാം” എന്ന് ആർസിബി അതിനു മറുപടി നൽകി.

Story Highlights: Royal Challengers Bangalore, Social Media, IPL

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here