വധശിക്ഷക്കെതിരെയുള്ള അപ്പീലുകളിൽ അതിവേഗം തീർപ്പു കൽപ്പിക്കണമെന്ന് സുപ്രിംകോടതി

വധ ശിക്ഷക്കെതിരെയുള്ള അപ്പീലുകളിൽ അതിവേഗം തീർപ്പുകൽപ്പിക്കാൻ മാർഗ നിർദേശങ്ങളുമായി സുപ്രിംകോടതി. അപ്പീലുകൾ ആറ് മാസത്തിനുള്ളിൽ മൂന്നംഗ ബെഞ്ചിൽ ലിസ്റ്റ് ചെയ്യണമെന്ന് സുപ്രിംകോടതി രജിസ്ട്രാർ ഉത്തരവിറക്കി. വധശിക്ഷ കേസുകളിൽ കോടതി നടപടികൾ വൈകുന്നത് പരിഗണിച്ചാണ് നടപടി.
നിർഭയ കേസിൽ അടക്കം വധശിക്ഷ ഉൾക്കൊള്ളുന്ന കേസുകളിൽ കോടതി നടപടികൾ വൈകുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് സുപ്രിംകോടതി രജിസ്ട്രാർ ഭരണപരമായ കാര്യങ്ങളിൽ സുപ്രധാന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. വധശിക്ഷ ചോദ്യം ചെയ്ത അപ്പീലുകൾ ആറ് മാസത്തിനകം മൂന്നംഗ ബെഞ്ചിൽ ലിസ്റ്റ് ചെയ്യണം. വധശിക്ഷ ശരിവച്ചതുമായി ബന്ധപ്പെട്ട ഹൈക്കോടതി രേഖകൾ അറുപത് ദിവസത്തിനുള്ളിൽ ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചു.
രേഖകൾ നൽകാനുണ്ടെങ്കിൽ മുപ്പത് ദിവസത്തിനകം സമർപ്പിക്കണമെന്നും പ്രതികളോട് കോടതി നിർദേശിച്ചു. രേഖകൾ ലഭിച്ചില്ലെങ്കിൽ ജഡ്ജിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് അടുത്ത നടപടി സ്വീകരിക്കണമെന്നും സുപ്രിംകോടതി രജിസ്ട്രാർ പറഞ്ഞു. ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന ബെഞ്ചുകൾ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Story highlight: Supreme Court, demands quick verdict, death penalty appeals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here