കൊറോണ വൈറസ് ബാധ; കാസർഗോഡ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയെ ഉടൻ ഡിസ്ചാർജ് ചെയ്യും

കൊറോണ വൈറസ് ബാധയെ തുടർന്ന് കാസർഗോഡ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയെ ഡിസ്ചാർജ് ചെയ്യുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. തുടർപരിശോധനാ ഫലം നെഗറ്റീവായതിനെത്തുടർന്നാണിതെന്ന് മന്ത്രി അറിയിച്ചു. തൃശൂരിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയെ മാത്രമാണ് ഇനി ഡിസ്ചാർജ് ചെയ്യാനുള്ളത്.

വുഹാനിൽ നിന്നും തിരിച്ചെത്തി കാസർഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയാണ് ആശുപത്രി വിടുന്നത്. തുടർ പരിശോധനാഫലം നെഗറ്റീവാകുകയും ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തിരുന്നു. ആശുപത്രിവിട്ടാലും വീട്ടിലെ നിരീക്ഷണം തുടരും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇനി 2210 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.

ഇവരിൽ 2194 പേർ വീടുകളിലും 16 പേർ ആശുപത്രികളിലുമാണുള്ളത്. സംശയാസ്പദമായവരുടെ 415 സാമ്പിളുകൾ എൻഐവിയിൽ പരിശോധനക്ക് അയച്ചിരുന്നു. ഇതിൽ 396 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ബാക്കിയുള്ളവയുടെ ഫലം വരണം. നിലവിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Story highlight: Kasargod, Coronavirus infection

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top