കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍

കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് ഡല്‍ഹിയില്‍ പ്രഖ്യാപനം നടത്തിയത്. നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്‍. ഈ മാസം 26 ന് ബിജെപിയുടെ മുന്‍ ദേശീയ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ തിരുവനന്തപുരത്ത് എത്തും. അന്ന് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ അമിത് ഷായെ സ്വീകരിക്കും. അതിന് തൊട്ടുമുന്നോടിയായാണ് നിയമന പ്രഖ്യാപനം വന്നിരിക്കുന്നത്.

ദേശീയ തലത്തില്‍ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. സംസ്ഥാന ആര്‍എസ്എസ് നേതൃത്വത്തെ അനുനയിപ്പിക്കുന്നതിനു വേണ്ടിയാണ് പ്രഖ്യാപനത്തിന് ഇത്രയും സമയം എടുത്തത്. കുമ്മനം രാജശേഖരന് എന്ത് പദവി നല്‍കുമെന്ന സംസ്ഥാന ആര്‍എസ്എസ് നേതൃത്വത്തിന്റെ കടുംപിടുത്തമാണ് പ്രഖ്യാപനം വൈകിപ്പിച്ചത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യഘട്ടം മുതല്‍ പരിഗണിച്ചിരുന്നത് കെ സുരേന്ദ്രന്റെ പേരായിരുന്നു.

നിലവില്‍ ബിജെപി സംസ്ഥാന ഘടകം നിര്‍ജീവമായ അവസ്ഥയിലാണെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ജനകീയ വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ബിജെപി നേതൃത്വത്തിന് സംസ്ഥാനത്ത് സാധിച്ചിട്ടില്ലെന്നായിരുന്നു വിലയിരുത്തല്‍. ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമായിരുന്നു. ഇവയ്‌ക്കെല്ലാം അറുതി വരുത്തുകയാണ് കെ സുരേന്ദ്രന്റെ നിയമനത്തിലൂടെ ഉദ്ദേശിക്കുന്നത്. മാത്രമല്ല നേരിട്ട് നിയന്ത്രിക്കാനാവുന്ന സംഘടനാ സംവിധാനം കേരളത്തില്‍ വേണമെന്ന് ദേശീയ നേതൃത്വത്തിന് താത്പര്യമുണ്ടായിരുന്നു.

ചാനല്‍ സ്റ്റുഡിയോകളിലും ഫേസ്ബുക്കിലും ഒതുങ്ങിനില്‍ക്കുന്ന പ്രതികരണങ്ങള്‍ തെരുവിലേക്ക് എത്തിക്കാന്‍ കെ സുരേന്ദ്രന് സാധിക്കുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ശബരിമല വിഷയത്തില്‍ അടക്കം ഇടപെട്ടുവെന്നതും നേട്ടമായി. കഴിഞ്ഞ കാലഘട്ടങ്ങളില്‍ ആര്‍എസ്എസ് നിയോഗിച്ച ആളുകള്‍ക്ക് കാര്യമായി സംസ്ഥാനത്ത് ഒന്നും ചെയ്യാനായില്ലെന്ന ദേശീയ നേതൃത്വത്തിന്‍റെ വിലയിരുത്തലും കെ സുരേന്ദ്രന്റെ പേരിലേക്ക് അധ്യക്ഷ പദവി എത്തിക്കുകയായിരുന്നു.

Story Highlights: k Surendran, bjp state leadership

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top