പൊലീസിന്റെ തോക്കുകള്‍ കാണാതായ സംഭവം: ക്രൈം ബ്രാഞ്ച് തിങ്കളാഴ്ച പരിശോധന നടത്തും

പൊലീസിന്റെ തോക്കുകള്‍ കാണാതായ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് തിങ്കളാഴ്ച്ച പരിശോധന നടത്തും. എസ്എപി ക്യാമ്പിലെ ഇന്‍സാസ് റൈഫിളുകള്‍ ഇതിനായി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിക്കും. അന്വേഷണ സംഘത്തോടൊപ്പം ക്രൈം ബ്രാഞ്ച് മേധാവിയും തോക്കുകള്‍ പരിശോധിക്കും.

എസ്എപി ക്യാമ്പിലെ 25 ഇന്‍സാസ് റൈഫിളുകള്‍ കാണാനില്ലെന്നായിരുന്നു സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് ഡിജിപിയുടെ നിര്‍ദേപ്രകാരം വീണ്ടും തോക്കുകള്‍ പരിശോധിക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. ക്യാമ്പിലെ 606 ഇന്‍സാസ് റൈഫിളുകള്‍ തിങ്കളാഴ്ച്ച ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിക്കാന്‍ നിര്‍ദേശം നല്‍കി.

മുല്ലപ്പെരിയാറിലും, മാവോയിസ്റ്റ് ഭീഷണിയുള്ള ചില സ്ഥലങ്ങളിലും സുരക്ഷയ്ക്കായി ക്യാമ്പിലെ ഇന്‍സാസ് റൈഫിളുകളാണ് ഉപയോഗിക്കുന്നത്. അവ തിരികെയെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ അന്വേഷിക്കുന്ന തിരുവനന്തപുരം യൂണിറ്റിന് പുറമേ ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയും തോക്കുകള്‍ പരിശോധിക്കും. തോക്ക് കൈമാറ്റവുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ക്രൈം ബ്രാഞ്ച് സംഘം പരിശോധിച്ച് വരികയാണ്.

തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് നേരത്തെ വിശദീകരണം നല്‍കിയിരുന്നു. സിഎജിയുടെ പരിശോധനാ സമയം ചില തോക്കുകള്‍ ബറ്റാലിയനുകള്‍ക്കു നല്‍കിയിരുന്നുവെന്നും പിന്നീട് അത് ക്യാമ്പില്‍ തന്നെ തിരികെ എത്തിച്ചുവെന്നുമാണ് പൊലീസിന്റെ വിശദീകരണം. ഇക്കാര്യം അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുന്‍പ് സിഎജിയെ അറിയിച്ചിരുന്നതായും പൊലീസ് പറയുന്നു. തോക്കുകള്‍ കൈമാറ്റം ചെയ്യുന്നതില്‍ വീഴ്ച്ച സംഭവിച്ചതായും പൊലീസ് സമ്മതിക്കുന്നുണ്ട്.

Story Highlights: CAG report

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top