അനധികൃത സ്വത്ത് സമ്പാദനക്കേസ്: വിഎസ് ശിവകുമാറിനെതിരെ രണ്ടു ദിവസത്തിനകം എഫ്‌ഐആർ

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിനെതിരെ രണ്ടു ദിവസത്തിനകം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്ന് വിജിലൻസ് വൃത്തങ്ങൾ. ശിവകുമാറിന് പുറമേ മൂന്ന് പേരെക്കൂടി കേസിൽ പ്രതിചേർക്കും. ഒരു ബന്ധുവിനെയും രണ്ട് പേഴ്‌സണൽ സ്റ്റാഫിനെയുമാണ് പ്രതി ചേർക്കുകയെന്നാണ് സൂചന. ഇവർക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചതായി വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

അനധികൃത സ്വത്ത് സമ്പാദനകേസിൽ വി എസ് ശിവകുമാറിനെതിരെ മതിയായ തെളിവുണ്ടെന്ന നിലപാടിലാണ് വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയിൽ ബന്ധുക്കളും പേഴ്‌സണൽ സ്റ്റാഫുമടക്കം ഏഴു പേർക്കെതിരെയാണ് വിജിലൻസ് അന്വേഷണം നടത്തിയത്. ഇതിൽ ശിവകുമാർ ഉൾപ്പെടെ നാല് പേർക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്നാണ് വിജിലൻസ് നിലപാട്. രണ്ട് ദിവസത്തിനകം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആരോഗ്യദേവസ്വം മന്ത്രിയായിരുന്ന കാലത്ത് ബിനാമി പേരിൽ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. വഴുതക്കാട് സ്വദേശി ആർ വേണുഗോപാലായിരുന്നു പരാതിക്കാരൻ. പരാതിക്കാരന്റെ മേൽവിലാസത്തിൽ നടത്തിയ പരിശോധനയിൽ അങ്ങനൊരാളിനെ വിജിലൻസിന് കണ്ടെത്താനായില്ല. പക്ഷേ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് വിജിലൻസ് കണ്ടത്തി.

പേഴ്‌സണൽ സ്റ്റാഫിൽ ചിലരുടെ വിമാനയാത്രകളുടെ വിവരങ്ങളും വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. പേഴ്‌സണൽ സ്റ്റാഫിലൊരാൾ ബേക്കറി ജംഗ്ഷന് സമീപം വാങ്ങിയ ഒന്നരയേക്കർ ഭൂമി ശിവകുമാറിന് വേണ്ടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ചില മരുന്ന് കമ്പനികളുമായും ആശുപത്രികളുമായും ശിവകുമാറിന് ബന്ധമുണ്ടെന്നും വിജിലൻസ് വാദിക്കുന്നു. കേസന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ പേർ പ്രതികളാകുമെന്നും സൂചനയുണ്ട്. ശിവകുമാറിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ വേണ്ടത്ര തെളിവുണ്ടെന്ന നിലപാടിലാണ് സർക്കാർ .

Story Highlights- vs shivakumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top