അനധികൃത സ്വത്തുസമ്പാദനക്കേസ് : ഹരികുമാറിന്റെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് 155 പവൻ സ്വർണം

അനധികൃത സ്വത്തുസമ്പാദനക്കേസിൽ വിഎസ് ശിവകുമാറിന്റെ ലോക്കർ വിജിലൻസ് പരിശോധിച്ചു. ഒന്നും കണ്ടെത്താനായില്ലെന്നാണ് സൂചന. അതേസമയം, ശിവകുമാറിൻറെ ബിനാമിയെന്ന് സംശയിക്കുന്ന ഹരികുമാറിന്റെ ലോക്കറിൽ നിന്ന് 155 പവൻ സ്വർണം അന്വേഷണ സംഘം പിടിച്ചെടുത്തു.

ബിനാമികളുടെ പേരിൽ എംഎൽഎ വിഎസ് ശിവകുമാർ അനധികൃതമായി സ്വത്തുസമ്പാദിച്ചുവെന്ന പരാതിയിലാണ് വിജിലൻസ് ബാങ്ക് ലോക്കറുകൾ പരിശോധിച്ചത്. വിഎസ് ശിവകുമാറിന്റെ ലോക്കർ അന്വേഷണ സംഘം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് ഇത് സഹായകമാകുമെന്ന് വിഎസ് ശിവകുമാർ പ്രതികരിച്ചു.

അതേസമയം, കേസിൽ ശിവകുമാറിനൊപ്പം പ്രതിചേർത്തിട്ടുളള ഹരികുമാറിന്റെ ലോക്കറിൽ നിന്ന് വിജിലൻസ് സ്വർണം പിടിച്ചെടുത്തു. ശിവകുമാറിന്റെ ബിനാമിയെന്ന് സംശയിക്കുന്ന ഇയാളുടെ ലോക്കറിൽ നിന്ന് 155 പവൻ സ്വർണമാണ് അന്വേഷണ സംഘം കണ്ടെടുത്തത്. ഹരികുമാറിന്റെ വീട്ടിൽ പരിശോധന നടത്തിയ വിജിലൻസ്, രണ്ടു ലോക്കറുകളുടെ താക്കോൽ കണ്ടെടുത്തിരുന്നു.

ഡ്രൈവറുടെയും സുഹൃത്തുക്കളുടെയും പേരിൽ ശിവകുമാർ അനധികൃതമായി സ്വത്തുസമ്പാദിച്ചുവെന്നാണ് കേസ്. ശിവകുമാർ ഉൾപ്പെടെ നാലുപേർക്കെതിരെയാണ് വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നത്.

Story Highlights- VS Shivakumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top