മുൻ മന്ത്രി വിഎസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി വിഎസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കേസിൽ പ്രതികളായ മറ്റ് മൂന്നുപേരുടെ വീട്ടിലും റെയ്ഡ് നടന്നു. വിജിലൻസ് പ്രത്യേക സെൽ ഡിവൈഎസ്പി എസ് അജിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
വിഎസ് ശിവകുമാറിനും പ്രതികൾക്കുമെതിരെ ഇന്നലെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വിഎസ് ശിവകുമാറിനൊപ്പം പ്രതിചേർത്തവർ ശിവകുമാറിന്റെ ബിനാമികളെന്ന് വിജിലൻസിന്റെ എഫ്‌ഐആറിൽ പറയുന്നു.
ശിവകുമാർ മന്ത്രിയായിരിക്കെ മൂന്നു പേരും ലക്ഷങ്ങളുടെ അനധികൃത വരുമാനമുണ്ടാക്കി. സ്വത്ത് സമ്പാദനത്തിനായി ശിവകുമാർ ഇവരുമായി ക്രിമിനൽ ഗൂഡാലോചന നടത്തിയെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. വരവുമായി യോജിക്കാത്ത ചെലവാണ് പ്രതിയായ ഹരികുമാറിന്റേതെന്നും എഫ്‌ഐആറിലുണ്ട്.
മന്ത്രിയായിരിക്കെ വിഎസ് ശിവകുമാറും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ശിവകുമാറിന്റെ ബിനാമി ഇടപാട് കണ്ടെത്തിയത്. പരാതിയിലുള്ളവർ അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് തെളിവില്ല. എന്നാൽ ശിവകുമാറുമായി അടുത്ത ബന്ധമുള്ള എം.രാജേന്ദ്രൻ, ഷൈജു ഹരൻ, അഡ്വ.എൻ.എസ്.ഹരികുമാർ എന്നിവർ വൻതോതിൽ സ്വത്ത് സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തി.
വി.എസ് ശിവകുമാർ മന്ത്രിയായിരുന്ന 2011 മേയ് 18 മുതൽ 2016 മേയ് 20 വരെയുള്ള കാലയളവിലാണിത്. 2.34 ലക്ഷം രൂപ സമ്പാദ്യം മാത്രമുണ്ടാകേണ്ടിയിരുന്ന എം.രാജേന്ദ്രൻ 33 ലക്ഷം രൂപയുടെ സമ്പാദ്യമാണുണ്ടാക്കിയത്. ഷൈജു ഹരന് കണക്കുപ്രകാരം 4.67 ലക്ഷം രൂപയുടെ സമ്പാദ്യമാണ് ഉണ്ടാകേണ്ടത്. എന്നാൽ 26.5 ലക്ഷം രൂപയുടെ സമ്പാദ്യമാണുള്ളത്. അഡ്വ.ഹരികുമാറിനു 25.53 ലക്ഷം രൂപയുടെ അനധികൃത സമ്പാദ്യമുണ്ട്. 36.95 ലക്ഷം വരുമാനമുണ്ടായിരുന്ന ഹരികുമാർ 79.51 ലക്ഷം ചെലവഴിച്ചതായും കണ്ടെത്തി.
Story Highlights- VS Sivakumar, VS Shivakumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here