‘കണ്ടിട്ട് എന്റെ ബൗളിംഗ് ആക്ഷൻ പോലെയുണ്ട്’; ആർസിബിയുടെ പുതിയ ലോഗോയെ ട്രോളി ബുംറ

ഐപിഎൽ ടീം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിൻ്റെ പുതിയ ലോഗോയെ ട്രോളി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ലോഗോ നന്നായിട്ടുണ്ടെന്നും പക്ഷേ, കണ്ടാൽ തൻ്റെ ബൗളിംഗ് ആക്ഷൻ പോലെയുണ്ടെന്നുമായിരുന്നു ബുംറയുടെ ട്രോൾ. തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ആർസിബി പങ്കുവെച്ച പോസ്റ്റിനു താഴെയാണ് ബുംറ ട്രോളുമായി രംഗത്തെത്തിയത്.
“ലോഗോ കൊള്ളാം. എൻ്റെ ബൗളിംഗ് ആക്ഷൻ പോലെയുണ്ട്”- ബുംറ കമൻ്റായി കുറിച്ചു. കമൻ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഫെബ്രുവരി 14നാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് തങ്ങളുടെ പുതിയ ലോഗോ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചത്. ഇതോടൊപ്പം ട്വിറ്ററിൽ നിന്ന് അപ്രത്യക്ഷമായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിലെ ‘ബാംഗ്ലൂരും’ തിരികെ വന്നിട്ടുണ്ട്.\
അതിനു മുൻപുള്ള രണ്ട് ദിവസങ്ങളിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് സംഭവിച്ച മാറ്റങ്ങൾ ഏറെ ചർച്ചയായിരുന്നു. സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ നീക്കം ചെയ്ത ആർസിബി പല പോസ്റ്റുകളും നീക്കം ചെയ്തിരുന്നു. തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പഴയ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്ത ആർസിബി ട്വിറ്ററിലും ചില പോസ്റ്റുകൾ നീക്കം ചെയ്തു. ഇതിനൊക്കെ പുറമെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്ന പേരിലെ ബാംഗ്ലൂരും നീക്കം ചെയ്തു. ടീം നായകനായ വിരാട് കോലി ഉൾപ്പെടെ പലരും ആർസിബിയുടെ ഈ നീക്കത്തിൽ അത്ഭുതം പ്രകടിപ്പിച്ചിരുന്നു.
മാർച്ച് 29നാണ് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗിനെ നേരിടും. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.
Story Highlights: Instagram, Jasprit Bumrah, Royal challengers Bangalore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here