‘സ്വവർഗ വിവാഹങ്ങൾക്ക് അനുമതി നൽകില്ല’; വ്ലാദിമിർ പുടിൻ

സ്വവർഗ വിവാഹങ്ങൾക്ക് അനുമതി നൽകില്ലെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ. വിവാഹം എന്നാൽ ഭിന്നലിംഗങ്ങളുടെ കൂടിച്ചേരലാണെന്നും താൻ അധികാരത്തിലിരിക്കുന്നിടത്തോളം കാലം സ്വവർഗ വിവാഹങ്ങൾക്ക് അനുമതി നൽകില്ലെന്നും പുടിൻ പറഞ്ഞു. റഷ്യൻ ഭരണഘടനയിലെ പുതിയ ഭേദഗതികൾ ചർച്ച ചെയ്യുന്ന സമിതിയുമായുള്ള യോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
“വിവാഹം എന്നാൽ പുരുഷൻ്റെയും സ്ത്രീയുടെയും കൂടിച്ചേരലാണ്. ഇതാണ് ശരിയായ ആശയം. ഇതിനെ പിന്തുണക്കണം. പരമ്പരാഗത വിവാഹം എന്ന ആശയം നല്ലതാണ്. അത് തീർച്ചയായും പിന്തുണക്കപ്പെടണം. ‘രക്ഷകർത്താവ് നമ്പർ ഒന്ന്, രക്ഷകർത്താവ് നമ്പർ രണ്ട്’ എന്ന സങ്കല്പം ഉപയോഗിക്കുക എന്നത്, ഞാൻ മുൻപ് പറഞ്ഞിട്ടുള്ളത് ആവർത്തിക്കുകയാണ്. ഞാൻ പ്രസിഡൻ്റ് ആയിരിക്കുന്നിടത്തോളം കാലം അത് സംഭവിക്കില്ല. അമ്മയും അച്ഛയും എന്ന് തന്നെ ഉണ്ടാവും”- പുടിൻ പറഞ്ഞു.
93ൽ തന്നെ സ്വവർഗാനുരാഗം നിയമവിധേയമാക്കിയ രാജ്യമാണ് റഷ്യ. എന്നാൽ സ്വവർഗ വിവാഹങ്ങൾക്ക് അനുമതിയില്ല. ഇതിനെതിരെ പലതരത്തിലുള്ള പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെങ്കിലും പുടിൻ വഴങ്ങിയിട്ടില്ല. 2018 റഷ്യൻ ലോകകപ്പിൽ പങ്കെടുത്ത സ്വവർഗ പങ്കാളികളോട് പരസ്യമായി കൈകോർത്ത് പോലും പിടിക്കരുതെന്ന കർശന നിർദ്ദേശമുണ്ടായിരുന്നു.
1993 ൽ എഴുതിയ ഭരണഘടനയിൽ റഷ്യയ്ക്ക് മാറ്റങ്ങൾ ആവശ്യമാണെന്ന് പുടിൻ ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് പുതിയ ആശയങ്ങൾ അവതരിപ്പിക്കാൻ നിയമനിർമ്മാതാക്കളുടെയും സെലബ്രിറ്റികളുടെയും ഒരു സമിതിയെ പുടിൻ നിയോഗിക്കുകയും ചെയ്തിരുന്നു.
Story Highlights: Vladimir Putin, Same sex marriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here