കാട്ടുതീയിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഏഴര ലക്ഷം രൂപയുടെ താത്കാലിക ധനസഹായം നല്‍കും: വനം മന്ത്രി

തൃശൂർ ദേശമംഗലം കൊറ്റമ്പത്തൂരിൽ കാട്ടുതീ തടയാൻ ശ്രമിക്കവേ മരണപ്പെട്ട ഫോറസ്റ്റ് വാച്ചർമാരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായമായി ഏഴര ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് വനംവകുപ്പ് മന്ത്രി അഡ്വ.കെ രാജു അറിയിച്ചു. അഞ്ച് ലക്ഷം രൂപ സർക്കാരിൽ നിന്നാണ് ഇപ്പോൾ അനുവദിക്കുക. ഇതിന് പുറമേ പെരിയാർ ടൈഗർ ഫൗണ്ടേഷനിൽ നിന്ന് രണ്ടര ലക്ഷം രൂപ കൂടി അനുവദിക്കാൻ മന്ത്രി നിർദേശം നൽകുകയായിരുന്നു.
Read Also: തൃശൂരിലെ കാട്ടുതീ മനുഷ്യ നിര്‍മിതമെന്ന് വനം വകുപ്പ്
കാട്ടുതീയിൽപ്പെട്ട് മരണമടഞ്ഞവരുടെ കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകുന്ന കാര്യത്തിൽ സർക്കാർ തലത്തിൽ ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. മരണാനന്തര ചടങ്ങുകൾക്കും ചികിത്സയ്ക്കുമുള്ള ചെലവുകൾ സർക്കാർ വഹിക്കും. കാട്ടുതീക്കെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ എച്ച്എൻഎല്ലിന്റെ ഭാഗത്ത് നിന്ന് അശ്രദ്ധ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ അനുയോജ്യമായ നടപടികൾ സ്വീകരിക്കുമെന്നും വനം മന്ത്രി പറഞ്ഞു.
പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ എച്ച്എൻഎൽ പ്ലാന്റേഷനിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഉണ്ടായ കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മൂന്ന് വാച്ചർമാർ മരിച്ചത്. ഫോറസ്റ്റ് സ്റ്റേഷനിലെ ട്രൈബൽ വാച്ചർ ദിവാകരൻ കെ യു, താത്ക്കാലിക വാച്ചർമാരായ വേലായുധൻ എ കെ, ശങ്കരൻ വി എ എന്നിവരാണ് മരിച്ചത്.
വനം മന്ത്രി ഇപ്പോൾ ഗുജറാത്തിൽ നടക്കുന്ന സംസ്ഥാന വനം മന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കുകയാണ്. കൊറ്റമ്പത്തൂർ പ്‌ളാന്റേഷനിൽ കാട്ടുതീ നിയന്ത്രണ വിധേയമായതായും സ്ഥലം സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യ വനം മേധാവിക്ക് നിർദേശം നൽകിയതായും അഡ്വ.കെ രാജു അറിയിച്ചു.
fire accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here