700 കോടി രൂപ ചെലവ്, ഒരു ലക്ഷത്തിലധികം പേർക്കുള്ള ഇരിപ്പിടം: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മൊട്ടേര

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതിയോടെ ഒരുങ്ങുന്ന അഹ്മദാബാദിലെ മൊട്ടേര സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡ‍ിയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഒപ്പം, അമേരിക്കയില്‍ മോദി നടത്തിയ ഹൗഡി മോദി മാതൃകയിൽ ‘കെം ചോ ട്രംപ്’ പരിപാടിയും ഇവിടെ വെച്ച് നടക്കും. ഈ മാസം 24, 25 തീയതികളിലാണ് ട്രംപിൻ്റെ ഇന്ത്യാ സന്ദർശനം.

ഒരുലക്ഷത്തിൽ പതിനായിരം പേർക്കുള്ള ഇരിപ്പിടമാണ് സ്റ്റേഡിയത്തിൽ ഉള്ളത്. 700 കോടി രൂപ ചെലവഴിച്ച് നവീകരിച്ച സ്റ്റേഡിയത്തിൽ നാല് ഡ്രസ്സിംഗ് റൂമുകള്‍, ക്ലബ്ബ് ഹൗസ്, സ്വിമ്മിംഗ് പൂളുകള്‍, 76 കോര്‍പറേറ്റ് ബോക്സുകള്‍, 4000 കാറുകൾക്കും 10000 ബൈക്കുകൾക്കുമുള്ള പാർക്കിംഗ് സൗകര്യം എന്നിങ്ങനെ നിരവധി പ്രത്യേകതകളാണുള്ളത്. 50000ലധികം പേർക്ക് ഇരിക്കാവുന്ന മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡ‍ിയം നവീകരിച്ചാണ് നവീകരിച്ച് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാക്കി മാറ്റുന്നത്. 63 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് സ്റ്റേഡിയം.

നേരത്തെ, ക്രിക്കറ്റ് മത്സരം നടത്തി മോട്ടേരയുടെ ഉദ്ഘാടനം നടത്താമെന്നായിരുന്നു തീരുമാനം. ഐപിഎൽ ഫൈനൽ ഇവിടെ നടത്തുമെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ, ട്രംപിൻ്റെ ഇന്ത്യാ സന്ദർശനം പരിഗണിച്ച് ഉദ്ഘാടനം നേരത്തെ ആക്കാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ ഓസ്ട്രേലിയയിലെ മെൽബണിലാണ് ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം. ഒരു ലക്ഷമാണ് മെൽബണിലെ സീറ്റിംഗ് കപ്പാസിറ്റി.

ക്രിക്കറ്റിന് പുറമേ ഫുട്‌ബോള്‍, ഹോക്കി, ബാസ്‌ക്കറ്റ് ബോള്‍, കബഡി, ബോക്‌സിംഗ്, ടെന്നീസ്, അത്‌ലറ്റിക്‌സ്, സ്‌ക്വാഷ്, ബില്ല്യാര്‍ഡ്‌സ്, ബാഡ്മിന്റണ്‍, തുടങ്ങിയ കായിക മത്സരങ്ങൾക്കും ഇവിടെ സൗകര്യമുണ്ട്.

Story Highlights: Motera Cricket Stadium, Donald Trump

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top