കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനായി പിറവി കൊണ്ട അവതാരം: ഹിന്ദു മഹാസഭ

കൊറോണ വൈറസ് മാംസാഹാരികളെ ശിക്ഷിക്കാനായി പിറവി കൊണ്ട അവതാരമാണെന്ന് ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി. കൊറോണ ഒരു വൈറസ് അല്ലെന്നും മാംസാഹാരികളെ ശിക്ഷിക്കാനായി പിറവി കൊണ്ട അവതാരമാണെന്നും ചക്രപാണി പറഞ്ഞു.

“കൊറോണ ഒരു വൈറസ് അല്ല. സാധു ജീവികളുടെ രക്ഷയ്‌ക്കെത്തിയ അവതാരമാണ് അത്. മാംസം ഭക്ഷിക്കുന്നവരെ കാത്ത് മരണം ഉണ്ടെന്ന സന്ദേശം നല്‍കാനാണ് അത് എത്തിയിരിക്കുന്നത്. മാംസാഹരം കഴിക്കുന്ന ചൈനീസ് ജനതയെ പാഠം പഠിപ്പിക്കാൻ എത്തിയതാണിത്. നരസിംഹാവതരമാണ് കൊറോണ. കൊറോണയുടെ വിഗ്രഹമുണ്ടാക്കി പ്രാർത്ഥിക്കുകയാണ് ചൈനീസ് ഭരണകൂടം ചെയ്യേണ്ടത്. ഇനിയൊരിക്കലും ജീവികളെ കൊല്ലില്ലെന്ന് പ്രതിജ്ഞയെടുക്കണം.. അങ്ങനെയെങ്കിൽ ഇനി കൊറോണ വരില്ല. അവർ (ചൈനക്കാർ) അങ്ങനെ ചെയ്താൽ ഈ അവതാരം തിരികെ അതിൻ്റെ ലോകത്തിലേക്ക് പോകും”- ചക്രപാണി പറഞ്ഞു.

പശു സംരക്ഷകരും ദൈവ വിശ്വാസികളുമായ ഇന്ത്യക്കാർക്ക് കൊറോണ ബാധിക്കില്ലെന്നും ചക്രപാണി പറഞ്ഞു.

ഞായറാഴ്ചത്തെ കണക്കു പ്രകാരം ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1665 ആണ്. ഹൂബെയിൽ 1843 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. കണക്കനുസരിച്ച് ചൈനയിൽ ഇതുവരെ 68,500 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലെ രണ്ടു ഇന്ത്യക്കാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ കൊറോണ ബാധിച്ച കപ്പലിലെ ഇന്ത്യക്കാരുടെ എണ്ണം 5 ആയി ഉയർന്നു.

അതേ സമയം, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 2276 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൊറോണ ബാധ സ്ഥിരീകരിച്ചവരിൽ ഇനി ആശുപത്രി വിടാനുള്ളത് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള വിദ്യാർത്ഥി മാത്രമാണ്.

Story Highlights: Coronavirus a punishment for eating meat Hindu Mahasabha chief swamy chakrapani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top