തോക്കുകള്‍ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍; തിരകള്‍ കാണാതായതില്‍ ക്രമക്കേട്

എസ്എപി ക്യാമ്പിലെ തോക്കുകള്‍ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ മണിപ്പൂരിലേക്ക് കൊണ്ടുപോയ 13 എണ്ണം ഒഴികെ ബാക്കി 647 തോക്കുകള്‍ ക്യാമ്പിലുണ്ടെന്ന് കണ്ടെത്തി. തിരകള്‍ കാണാതായതില്‍ ക്രമക്കേടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.

എസ്എപി ക്യാമ്പിലെ 25 ഇന്‍സാസ് റൈഫിളുകള്‍ കാണാനില്ലെന്ന സിഎജി റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഡിജിപിയുടെ നിര്‍ദേശ പ്രകാരം തോക്കുകള്‍ ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ പരിശോധിച്ചത്. ആകെ 660 ഇന്‍സാസ് റൈഫിളുകളാണ് ക്യാമ്പില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഐആര്‍ ബറ്റാലിയന്‍ പരിശീലനത്തിനായി മണിപ്പൂരില്‍ കൊണ്ടു പോയ 13 തോക്കുകള്‍ ഒഴികെ 647 എണ്ണവും ഉണ്ടെന്ന് പരിശോധിച്ച് ബോധ്യപ്പെട്ടതായി ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.

തിരകള്‍ കാണാതായതില്‍ അന്വേഷണം തുടരുകയാണെന്നും ആവശ്യം വന്നാല്‍ അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സിഎജി ഉദ്യോഗസ്ഥരുടെ മൊഴി എടുക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. കേസില്‍ അന്വേഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമം.

Story Highlights: CAG report, kerala police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top