ജോബി ജോർജിനു കത്തയച്ചു; വിലക്ക് ഒഴിവാക്കാനുള്ള ശ്രമവുമായി വീണ്ടും ഷെയ്ൻ നിഗം

വിലക്ക് ഒഴിവാക്കാനുള്ള ശ്രമവുമായി വീണ്ടും ഷെയ്ൻ നിഗം. ചിത്രീകരണം മുടങ്ങിയ വെയിൽ സിനിമയുടെ നിർമ്മാതാവ് ജോബി ജോർജിനാണ് ഷെയ്ൻ നിഗം കത്തയച്ചത്. കരാർ പ്രകാരമുള്ള പ്രതിഫലം വേണ്ടെന്നും വെയിൽ പൂർത്തിയാക്കാൻ തയ്യാറാണെന്നും കത്തിൽ പറയുന്നു. കത്ത് സ്വീകരിച്ചതായി നിർമാതാവ് ജോബി ജോർജ് പ്രതികരിച്ചു.
താര സംഘടന അമ്മ ഇടപെട്ടിട്ട് പോലും ചിത്രീകരണം മുടങ്ങിയ സിനിമകളുടെ നഷ്ട പരിഹാരമായി ഒരു കോടി രൂപ നൽകാതെ ഷെയ്ൻ നിഗമിൻ്റെ വിലക്ക് നീക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഈ സാഹചര്യത്തിലാണ് സ്വന്തം നിലക്ക് അനുനയ നീക്കവുമായി ഷെയ്ൻ രംഗത്ത് വന്നിരിക്കുന്നത്. തെറ്റു പറ്റിയെന്നും ക്ഷമിക്കണമെന്നും ഷെയ്ൻ നിർമാതാവ് ജോബി ജോർജിനയച്ച കത്തിൽ പറയുന്നു. സിനിമ പൂർത്തീകരിക്കണം, ഇനി കൈപ്പറ്റാനുള്ള തുക വേണ്ട എന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഷെയ്നിൻ്റെ കത്ത് സ്വീകരിച്ചതായി ജോബി ജോർജ് പ്രതികരിച്ചു.
വെയിൽ സിനിമയ്ക്ക് പ്രതിഫലമായി നിലവിൽ നൽകിയിരിക്കുന്നത് 24 ലക്ഷം രൂപയാണ്. ശേഷിക്കുന്ന 16 ലക്ഷം വേണ്ടെന്നാണ് ഷെയ്ൻ വ്യക്താക്കിയിരിക്കുന്നത്. ഇരു സംഘടനകളും ഇടപെട്ട വിഷയമായതിനാൽ സംഘടനകളുടെ നേതൃത്വത്തിൽ തന്നെ തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ചിത്രീകരണം മുടങ്ങിയ ഖുർബാനി സിനിമയുടെ കാര്യത്തിൽ ഷെയ്ൻ നിഗം തീരുമാനം വ്യക്തമാക്കിയിട്ടില്ല.
Story Highlights: Shane Nigam sent letter to Joby George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here